കുൽഭൂഷൺ ജാദവിന് അഭിഭാഷകനെ നിർദ്ദേശിക്കാതെ ഇന്ത്യ, ഒരവസരംകൂടി നൽകി പാക് കോടതി

ഇസ്ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താൻ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് അഭിഭാഷകനെ അനുവദിക്കാൻ ഇന്ത്യക്ക് ഒരവസരംകൂടി നൽകണമെന്ന് ഇസ്ലാമാബാദ് ഹൈകോടതി. വക്കീലിനെ അനുവദിക്കാൻ നേരത്തേ പാകിസ്താൻ അനുമതി നൽകിയിട്ടും ഇന്ത്യ പ്രതികരിക്കാത്തതിനെതുടർന്നാണിതെന്നും പി.ടി.ഐയെ ഉദ്ധരിച്ച് 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു.

കേസ് ഇന്ന് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. അഭിഭാഷകനെ നിയമിക്കുമെന്ന് ഇന്ത്യ പറഞ്ഞെങ്കിലും ഇതുവരെ നിര്‍ദേശിച്ചില്ല. തുടര്‍ന്നാണ് ഒരിക്കൽകൂടി ഇന്ത്യക്ക് അവസരം നൽകുന്നതെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതാര്‍ മിനല്ലാഹ്, ജസ്റ്റിസുമാരായ അമിര്‍ ഫറൂഖ്, മിയാന്‍ ഗുല്‍ ഹസ്സന്‍ ഔറംഗസേബ് എന്നിവരാണ് കേസ് പരിഗണിച്ചത്. ഇന്‍റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ഓർഡർ പ്രകാരം കുൽഭൂഷൺ ജാദവിന് അഭിഭാഷകനെ നിയമിക്കാനുള്ള അനുമതി നൽകിയിരുന്നെന്നും എന്നാൽ ഇന്ത്യ പ്രതികരിച്ചില്ലെന്നും അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ പറഞ്ഞു.

അതേസമയം വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും, ജാദവിന് വേണ്ടി വാദിക്കുന്നതിനും ഇന്ത്യയില്‍ നിന്നും അഭിഭാഷകനെ നിയോഗിക്കാന്‍ പാകിസ്താനോട് അനുമതി തേടിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

അതേസമയം പാകിസ്ഥാനുമായി ഇക്കാര്യത്തിൽ ആശയവിനിമയം തുടരുന്നു എന്നാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്താൻ കേസിൽ നാടകം കളിക്കുന്നെന്നും ഉപാധികളില്ലാതെ സ്വതന്ത്രമായി കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അവസരം നല്‍കണമെന്നും കേസ് രേഖകൾ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

ചാരവൃത്തിയും ഭീകരതയും ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് 50 കാരനായ മുൻ റിട്ട.നാവിക സേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ ജാദവിനെ പാകിസ്താൻ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ചാരസംഘടനയായ 'റോ'യുടെ ചാരനാണ് എന്നായിരുന്നു ആരോപണം. തുടർന്ന് 2017 ഏപ്രിൽ 10ന് കുൽഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.