കൊൽക്കത്ത: ''എനിക്ക് കുറച്ച് സമാധാനം തരുമോ?'' റെയ്ഡിനായി വീട്ടിലെത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടാണ് അർപിത മുഖർജിയുടെ അമ്മ മിനാടി മുഖർജിയുടെ ചോദ്യം. ഇ.ഡി ഉദ്യോഗസ്ഥനെ വീട്ടിലേക്ക് കയറാൻ അവർ അനുവദിച്ചില്ല. കൊൽക്കത്തയിലെ ബെൽഘാരിയയിലെ ദേവൻപറയിൽ ആണ് അവരുടെ വീട്.
''വളരെയധികം അസ്വസ്ഥയാണ് ഞാൻ. ഇതിൽ കൂടുതലൊന്നും താങ്ങാനാവില്ല. ദയവായി എനിക്ക് കുറച്ച് സമാധാനം തരുമോ? ടെലിവിഷൻ മാധ്യമങ്ങളിൽ എന്റെ മകളെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കയാണ്. എന്റെ ഭർത്താവ് കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ അർപിതക്ക് ജോലി നൽകാൻ കേന്ദ്ര സർക്കാർ തയാറായതാണ്. എന്നാലവൾ നിരസിക്കുകയായിരുന്നു.
മോഡലിങ് രംഗത്ത് സജീവമായ അവൾ ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ഒഡിയ ഭാഷയിലുള്ള സിനിമയിലും അവളുടെ സ്വന്തം നിർമാണ കമ്പനിയുടെ സിനിമകളിലാണ് അഭിനയിച്ചത്. ഇ.ഡി ഓഫിസർമാർ ബുധനാഴ്ച വീട് മുഴുവൻ അരിച്ചുപെറുക്കി. എല്ലാം വലിച്ചു വാരിയിട്ടു. എന്നാൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കാര്യമായ ഒന്നും കണ്ടെത്താനായില്ല''-മിനാടി മുഖർജി പറയുന്നു.
ആഴ്ചയിൽ രണ്ടു തവണ അർപിത അമ്മയെ കാണാൻ കൊൽക്കത്തയിലെ കുടുംബ വീട്ടിൽ എത്തുമായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ അർപിതയുടെ അമ്മ തനിച്ചാണുണ്ടായിരുന്നത്. ബുധനാഴ്ച 11.30 ഓടെയാണ് മൂന്നു കാറുകളിലായ അന്വേഷക സംഘം എത്തിയത്. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ മിനാടി തടഞ്ഞു. വീട്ടിലേക്ക് കയറാനുള്ള സ്റ്റെയർകേസിൽ കുത്തിയിരുന്നാണ് അവർ കേന്ദ്ര അന്വേഷക സംഘത്തെ തടഞ്ഞത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരും മിനാടിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഉദ്യോഗസ്ഥർ ബലമായി അവരെ സ്റ്റെയർകേസിൽ നിന്ന് മാറ്റുകയായിരുന്നു.
ഏഴുവർഷം മുമ്പാണ് മിനാടിയുടെ ഭർത്താവ് മരിച്ചത്. അതിനു ശേഷം അവരും രണ്ടു പെൺമക്കളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മൂത്ത മകൾ വിവാഹിതയായി. ഇളയ മകൾ അർപിത മോഡലിങ്ങിന്റെ തിരക്കിലുമായി.
പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും ഉറ്റസുഹൃത്തായ അർപിത മുഖര്‍ജിയും അറസ്റ്റിലായത്. അർപിതയുടെ സൗത്ത് കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍നിന്ന് 21 കോടിയോളം രൂപ അഞ്ചുദിവസം മുമ്പ് ഇ.ഡി. പിടിച്ചെടുത്തിരുന്നു. പിന്നാലെ മന്ത്രിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ അർപിതയെയും ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.