മുംബൈ: സഖ്യകക്ഷികളുടെ കടുംപിടിത്തം കാരണം ഗോവയിലെ ഭരണപ്രതിസന്ധി തീർക്കാനാവാതെ ബി.ജെ.പി കേന്ദ്രനേതൃത്വം. മുഖ്യമന്ത്രിയായി മനോഹർ പരീകറെ അല്ലാതെ മറ്റാരെയും അംഗീകരിക്കില്ലെന്ന സഖ്യകക്ഷികളുടെ നിലപാടാണ് കുഴക്കുന്നത്. ഇതേതുടന്ന് മൂന്നംഗ മന്ത്രിസഭ ഏകോപന സമിതിക്ക് രൂപംനൽകാനാണ് സാധ്യതയെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയായി മനോഹർ പരീകറെ അല്ലാതെ അംഗീകരിക്കില്ലെന്നാണ് മൂന്ന് അംഗങ്ങൾ വീതമുള്ള സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പർട്ടി (എം.പി.ജി)യും ഗോവ ഫോർവേർഡ് പാർട്ടി (ജി.എഫ്.പി)യും മൂന്ന് സ്വതന്ത്രന്മാരും വ്യക്തമാക്കിയത്. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന പരീകർ തിരിച്ചുവരും വരെ മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതല മുതിർന്ന അംഗത്തിന് നൽകണമെന്ന് എം.പി.ജി ആവർത്തിക്കുന്നു.
എന്നാൽ, ഇത് ജി.എഫ്.പിയും സ്വതന്ത്രരും അംഗീകരിക്കുന്നില്ല. ബി.ജെ.പി എം.എൽ.എമാരും കടുത്ത നിലപാടെടുക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടി എം.എൽ.എമാർ ആർ.എസ്.എസ് പശ്ചാത്തലമുള്ളവരല്ല എന്നതിനാൽ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് പറയപ്പെടുന്നത്.
ജി.എഫ്.പി അധ്യക്ഷനും നഗരവികസന മന്ത്രിയുമായ വിജയ് സർദേശായിയോടാണ് മൂന്ന് സ്വതന്ത്രന്മാരും കൂറുപുലർത്തുന്നത്. ഇത് ബി.ജെ.പി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. ദിഗംബർ കാമത്തിനെ മുഖ്യമന്ത്രിയാക്കാൻ വൈകിയതിനാലാണ് 2017 മാർച്ചിൽ കോൺഗ്രസിനെ വിട്ട് വിജയ് സർദേശായി പരീകർക്ക് പിന്തുണ നൽകിയത്. ജി.എഫ്.പിയും സ്വതന്ത്രന്മാരും മറുകണ്ടം ചാടുമെന്ന പേടി ബി.ജെ.പി നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.