ന്യൂഡൽഹി: സ്ത്രീ കോഡർമാർക്കായുള്ള 'ഗേൾ ഹാക്കത്തൺ 2022'ലേക്ക് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ ഇന്ത്യ. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ വിഷയങ്ങൾ എന്നിവയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മൂന്ന് പേരടങ്ങിയ ടീമായാണ് അപേക്ഷിക്കേണ്ടത്. മാർച്ച് 9 വരെ ഗേൾ ഹാക്കത്തണിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ buildyourfuture.withgoogle.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കുമ്പോൾ ടീമിന്‍റെ ലീഡറായി ഒരാളെ തെരഞ്ഞെടുക്കണം. ലീഡറായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ടീമിലെ മറ്റ് അംഗങ്ങൾ മെയിൽ ഐ.ഡികൾ സമർപ്പിക്കണം.
മാർച്ച് 19 മുതൽ ഏപ്രിൽ 30 വരെയായിരിക്കും പരിപാടികൾ നടക്കുക. അപേക്ഷികരെ രണ്ട് ഗ്രൂപ്പുകളാക്കി മാറ്റും. എല്ലാവരും ഒരേ കാമ്പസിൽ നിന്നുള്ളവരായിരിക്കണം. ഗ്രൂപ്പ് 'എ' 2024ലെയും 2025ലെയും ബിരുദധാരികൾക്കും, ഗ്രൂപ്പ് 'ബി' 2022ലെയും 2023ലേയും ബിരുദധാരികൾക്കുമുള്ളതാണ്.
ആദ്യ റൗണ്ടിൽ, പങ്കെടുക്കുന്നവരെല്ലാം ഗൂഗിൾ ഓൺലൈൻ ചലഞ്ചിൽ പങ്കെടുക്കേണ്ടതുണ്ട്. കോഡിങ്, പസിലുകൾ എന്നീ മേഖലകളിൽ മത്സാരാർഥികളെ വിലയിരുത്തുന്ന കോഡിങ് ചലഞ്ചായിരിക്കും ഇത്. ജി.ഒ.സി 2022 മാർച്ച് 19ന് നടക്കും. ജി.ഒ.സിയുടെയും അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന ഗ്രൂപ്പുകളുടെയും ഫലങ്ങൾ 2022 മാർച്ച് 24ന് പ്രഖ്യാപിക്കും.
നൂതനമായ വ്യാഖ്യാനങ്ങൾ ആവശ്യമുള്ള ടെക് തീം/ചാലഞ്ച് ഉൾക്കൊള്ളുന്ന ഡിസൈൻ ഡോക്യുമെന്റ് റൗണ്ടാണ് രണ്ടാം ഘട്ടത്തിലുണ്ടാകുക. അവസാന ഹാക്കത്തോൺ റൗണ്ടിലേക്കുള്ള മാർഗനിർദ്ദേശത്തോടെ 2022 ഏപ്രിൽ 13ന് ഫലം പ്രഖ്യാപിക്കും.
അവസാന റൗണ്ട് വെർച്വൽ ഹാക്കത്തോണായിരിക്കും. ഓരോ ടീമുകളും അവരുടെ ഫൈനൽ സൊലൂഷൻ പാനലിന് മുന്നിൽ അവതരിപ്പിക്കും. ഏപ്രിൽ 22ന് ടീമുകൾ വർക്കിങ് ഡെമോ/പ്രോട്ടോടൈപ്പും കോഡ് ശേഖരണവും പങ്കവെക്കണം. അവസാന റൗണ്ട് മത്സരവും അന്തിമ ഫലങ്ങളും 2022 ഏപ്രിൽ 27ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.