ഒാക്സിജൻ സിലിണ്ടറുകൾ തേടിപ്പോയ ഒരു ഡോക്ടറുടെ കഥ

ലക്‌നൗ: ഗോരഖ്പൂരില്‍ ഒാക്സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ  ഒരു ഡോക്ടറുടെ മാനുഷികമുഖം വെളിപ്പെടുത്തുന്ന വാർത്തകൾ പുറത്തുവന്നു. അപകടാവസ്ഥയിലായ കുട്ടികളുടെ ജീവൻ നിലനിർത്താൻ അവസാന നിമിഷം വരെ പോരാടിയ ഡോക്ടര്‍ കഫീല്‍ ഖാൻെറ വാർത്തകളാണ് ദേശീയമാധ്യമങ്ങളിൽ. 

ദുരന്തവേളയില്‍ അദ്ദേഹം  കാണിച്ച ധൈര്യം ചെറുതെങ്കിലും ചില ജീവനുകളെ രക്ഷിച്ചു. ദുരന്തമുണ്ടായ എന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനായിരുന്ന കഫീല്‍ ഖാൻ. ആഗസ്റ്റ് 10ന് രാത്രി ആശുപത്രിയിലെ സെന്‍ട്രല്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈനിൽ ഓക്‌സിജന്‍ കുറവാണെന്ന മുന്നറിയിപ്പ് കഫീല്‍ ഖാന് ലഭിച്ചിരുന്നു. രണ്ടുമണിക്കൂര്‍ നേരത്തേക്ക്  മാത്രമുള്ള അടിയന്തിര സിലിണ്ടറുകള്‍ മാത്രമായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. എന്നാൽ ഇത് തീർന്നാൽ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ധാരണയില്ലായിരുന്നു. മസ്തിഷ്‌കവീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികൾക്ക് ഒാക്സിജൻ ഇല്ലാത്ത അവസ്ഥ ദുരന്തമുണ്ടാക്കുമെന്ന് മനസ്സിലാക്കിയ ഡോക്ടർ ഓക്‌സിജന്‍ വിതരണക്കാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഭീമമായ കുടിശിക അടച്ചാല്‍ മാത്രമേ സിലിണ്ടര്‍ എത്തിക്കൂവെന്ന നിലപാടിലായിരുന്നു അവര്‍.

വിതരണക്കാർ ഡോക്ടർ രണ്ട് ജീവനക്കാരെയും കൂട്ടി കാറുമായി സുഹൃത്തിന്റെ സ്വകാര്യ നഴ്‌സിങ് ഹോമിൽ പോയി.അവിടെ നിന്നും മൂന്നു സിലിണ്ടറുകള്‍ വാങ്ങിയാണ് ആശുപത്രിയിലെത്തിയത്. ഓക്‌സിജന്‍ വിതരണം കുറഞ്ഞാല്‍ കൃത്രിമരീതിയിൽ ഒാക്സിജൻ നൽകണമെന്ന് അദ്ദേഹം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് വീണ്ടും സിലിണ്ടറുകള്‍ തേടി ഡോക്ടർ പുറത്തേക്ക് പോയി. മൂന്നു സിലിണ്ടറുകളുമായി അദ്ദേഹം ആശുപത്രിയില്‍ തിരിച്ചെത്തി. അരമണിക്കൂര്‍ നേരത്തേക്ക് മാത്രമായിരുന്ന ഈ സിലിണ്ടറുകള്‍ ഉപയോഗിക്കാനാവുക. 

പുലര്‍ച്ചെയായപ്പോഴേക്കും മിക്ക കുട്ടികളും ഓക്‌സിജന്റെ അഭാവം കാരണം അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടർന്ന് ഡോക്ടർ വീണ്ടും കാറുമായി പുറത്തേക്ക് പോയി.  പ്രദേശത്തെ നഴ്‌സിങ് ഹോമുകളിൽ നിന്നും  12 സിലിണ്ടറുകളുമായി തിരിച്ചെത്തി. നാലുതവണയായാണ് അദ്ദേഹം സിലിണ്ടറുകൾ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ പണം നല്‍കിയാല്‍ സിലിണ്ടര്‍ എത്തിക്കാമെന്ന് പ്രാദേശിക വിതരണക്കാരന്‍ അറിയിച്ചതനുസരിച്ച് തന്റെ എ.ടി.എം കാര്‍ഡ് ഒരാളുടെ പക്കല്‍ കൊടുത്ത് വിട്ട് 10,000 രൂപ പിന്‍വലിപ്പിച്ച് വീണ്ടും ഒാക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. 


 

Tags:    
News Summary - Gorakhpur tragedy: Meet Dr Kafeel Khan, the hero who saved the lives of countless children-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.