ഡാർജിലിങ്: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനിടെ ഡാർജിലിങ് കുന്നുകളിലെ ഗൂർഖാലാൻഡ് അനുകൂല ഗ്രൂപ്പുകൾ വീണ്ടും പ്രത്യേക സംസ്ഥാനവാദം ഉന്നയിക്കാൻ സാധ്യത. ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം), ഹംറോ പാർട്ടി ഉൾപ്പെടെയുള്ളവർ പ്രത്യേക സംസ്ഥാനത്തിന് ആവശ്യമുന്നയിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം പശ്ചിമ ബംഗാൾ വിഭജിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഡാർജിലിങ് കുന്നുകളിൽ ബന്ദ് നടത്താൻ ജി.ജെ.എമ്മും ഹംറോ പാർട്ടിയും ആഹ്വാനം ചെയ്തിരുന്നു. പിന്നീട് പത്താം ക്ലാസ് ബോർഡ് പരീക്ഷ പരിഗണിച്ച് ഇത് പിൻവലിക്കുകയാണുണ്ടായത്.
പ്രക്ഷോഭം ഒരുവിധ സമ്മർദത്തിനും കീഴ്പ്പെടില്ലെന്ന് തൃണമൂൽ കോൺഗ്രസ് വിട്ട് ജി.ജെ.എം തലവൻ ബിമൽ ഗുരുങ്ങുമായി കൈകോർത്ത ബിനയ് തമാങ് പറഞ്ഞു. വരുംമാസങ്ങളിൽ ഗൂർഖാലാൻഡിനായുള്ള വൻ ബഹുജന പ്രക്ഷോഭങ്ങൾ അരങ്ങേറുമെന്നും സംസ്ഥാന രൂപവത്കരണത്തിനുശേഷം മാത്രമേ അത് അവസാനിക്കുകയുള്ളൂവെന്നും തമാങ് വാർത്ത ഏജൻസിയോട് പറഞ്ഞു. 2011ൽ ഒപ്പിട്ട ‘ഗൂർഖാലാൻഡ് ഭരണ കരാറി’ൽ നിന്ന് ഒഴിയുന്നതായി കഴിഞ്ഞ ദിവസം ജി.ജെ.എം അറിയിച്ചിരുന്നു. കരാറിന് ഡാർജിലിങ് ജനതയുടെ അഭിലാഷ പൂർത്തീകരണത്തിന് സാധിച്ചില്ല എന്നാണ് ഇവർ പറയുന്നത്.
2017ൽ ഡാർജിലിങ് മേഖലയിൽ പ്രത്യേക സംസ്ഥാന ആവശ്യം ഉന്നയിച്ച് നടന്ന സമരങ്ങൾ 104 ദിവസം നീണ്ട ബന്ദിൽ കലാശിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് വീണ്ടും പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിൽ സമരം തുടങ്ങാനിരിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് ഗൂർഖാലാൻഡ് സംസ്ഥാനമെന്നത് എങ്കിലും 1986ൽ ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ട് നേതാവ് സുഭാഷ് ഘിസിങ് ആണ് വിഷയം വലിയ രൂപത്തിൽ ആളിക്കത്തിക്കുന്നത്. ഇത് 1988ൽ ഡാർജിലിങ് ഗൂർഖ ഹിൽ കൗൺസിലിന്റെ രൂപവത്കരണത്തിൽ കലാശിച്ചു. പരിമിത സ്വയംഭരണാധികാരവുമായി ഈ സംവിധാനം 2011 വരെ നിലനിന്നു. തുടർന്നുണ്ടായ ത്രികക്ഷി കരാർ (കേന്ദ്രവു സംസ്ഥാനവും ജെ.ജി.എമ്മും) പ്രകാരമാണ് ‘ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ’നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.