ന്യൂഡല്‍ഹി: എ.ബി.വി.പിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ബലാത്സംഗം ചെയ്യുമെന്ന് കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്‍െറ മകള്‍ക്ക് ഭീഷണി. ഡല്‍ഹി രാംജാസ് കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട ഗുര്‍മെഹറിനാണ് എ.ബി.വി.പി പ്രവര്‍ത്തകന്‍ രാഹുലിന്‍െറ ഭീഷണി. ഞായറാഴ്ച ഫേസ്ബുക്കിലൂടെയും മറ്റുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ഡല്‍ഹി സര്‍വകലാശാല ശ്രീറാം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ പറഞ്ഞു.
രാംജാസ് കോളജില്‍ നടന്ന എ.ബി.വി.പി ആക്രമണത്തിനെതിരെ വിദ്യാര്‍ഥിനി തുടങ്ങിവെച്ച കാമ്പയിനാണ് പ്രകോപനത്തിന് കാരണം. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്, എനിക്ക് എ.ബി.വി.പിയെ ഭയമില്ല, ഞാന്‍ ഒറ്റക്കല്ല, രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്’, തുടങ്ങിയ വരികള്‍ എഴുതിവെച്ച പോസ്റ്റുമായി നില്‍ക്കുന്ന ചിത്രം ഗുര്‍മെഹര്‍ വെള്ളിയാഴ്്ചയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായി. ഇതേ തുടര്‍ന്നാണ് ഗുര്‍മെഹറിന്‍െറ പോസ്റ്റിന് താഴെ താന്‍ ബലാത്സംഗം ചെയ്യുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയത്. എങ്ങനെയായിരിക്കും ബലാത്സംഗം ചെയ്യുകയെന്ന് വിശദമാക്കിയായിരുന്നു കമന്‍െറന്നും ഇതു തന്നെ ഞെട്ടിച്ചുവെന്നും ഗുര്‍മെഹര്‍ പറഞ്ഞു.
ബലാത്സംഗം ചെയ്തല്ല രാജ്യസ്നേഹം കാണിക്കേണ്ടതെന്ന് പ്രതികരിച്ച ഗുര്‍മെഹര്‍ തന്‍െറ രാജ്യസ്നേഹം ആര്‍ക്ക് മുമ്പിലും തെളിയിച്ച് കൊടുക്കേണ്ട കാര്യമില്ളെന്നും ഓര്‍മിപ്പിച്ചു. ഫാഷിസത്തിനെതിരെ സംസാരിക്കാനുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളുമെന്നും അവര്‍ പറഞ്ഞു. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലാണ് ഗുര്‍മെഹറിന്‍െറ പിതാവ് ക്യാപ്റ്റല്‍ മന്‍ദീപ് സിങ് കൊല്ലപ്പെട്ടത്. ഗുര്‍മെഹറിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ളവര്‍ രംഗത്തുവന്നു. ഡല്‍ഹി വനിത കമീഷന്‍ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.