‘ഒരു മുഖ്യമന്ത്രിക്കും അധികനാൾ വിട്ടുനിൽക്കാനാവില്ല, ഇത് രാജ്യതാൽപര്യ വിരുദ്ധം’; കെജ്രിവാളിനെതിരെ ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈകോടതി. ഒരു മുഖ്യമന്ത്രിക്കും അധികനാൾ വിട്ടുനിൽക്കാനാവില്ലെന്നും ഇത് രാജ്യതാൽപര്യത്തിനും പൊതുതാൽപര്യത്തിനും വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, മുഖ്യമന്ത്രിസ്ഥാനം ആചാരപരമായ പദവിയല്ലെന്നും ഏത് പ്രതിസന്ധിയും സ്വാഭാവിക സാഹചര്യവും നേരിടാൻ 24 മണിക്കൂറും ലഭ്യമായിരിക്കേണ്ട പദവിയാണെന്നും വ്യക്തമാക്കി.

പുതിയ അധ്യയന വർഷം ആരംഭിച്ച ശേഷവും ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള എം.സി.ഡി സ്‌കൂളുകളിലെ എട്ടു ലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സാമഗ്രികളും മറ്റ് ആനുകൂല്യങ്ങളും നൽകാത്തതിനെതിരെ സന്നദ്ധ സംഘടനയായ സോഷ്യൽ ജൂറിസ്റ്റ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.മുഖ്യമന്ത്രിയായി തുടരുന്നത് കെജ്രിവാളിന്റെ വ്യക്തിതാൽപര്യമാണെങ്കിലും സ്‌കൂളിൽ പോകുന്ന കുട്ടികളുടെ മൗലികാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടാൻ പാടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹനും മൻമീത് അറോറയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യം മൂലം കുട്ടികൾ സൗജന്യ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും യൂനിഫോമും ഇല്ലാതെ സ്കൂളിലേക്ക് പോകുന്നത് അനുവദിക്കാനാകില്ല. അനിശ്ചിതകാലത്തേക്ക് ആശയവിനിമയം നടത്താതിരിക്കുകയോ അല്ലെങ്കിൽ വിട്ടുനിൽക്കുകയോ ചെയ്യുന്നതുമൂലം സുപ്രധാനമായ തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയില്ലെന്നത് തെറ്റായ കീഴ്വഴക്കമാണ്. അതിനിടെ, എം.സി.ഡി കമീഷണറുടെ സാമ്പത്തിക അധികാരം വർധിപ്പിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജ് പ്രസ്താവിച്ചതും കോടതി ചൂണ്ടിക്കാട്ടി.

മാർച്ച് 21ന് ഇ.ഡി അറസ്റ്റുചെയ്ത കെജ്രിവാളിലെ ജുഡീഷ്യൽ കസ്റ്റഡി മേയ് ഏഴുവരെ നീട്ടിയിട്ടുണ്ട്.

Tags:    
News Summary - Government at a standstill after Arvind Kejriwal arrest says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.