ലവ് ജിഹാദ്: ഭരണ പരാജയം മറച്ചുപിടിക്കാനുള്ള ബി.ജെ.പി സർക്കാറുകളുടെ തന്ത്രം -മഹാരാഷ്ട്ര മന്ത്രി

മുംബൈ: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ പരാജയം മറച്ചുപിടിക്കാനുള്ള അവരുടെ സൃഷ്ടിയാണ് ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രി. ഭരണ പരാജയത്തിനെതിരെ രോഷം ഉയരുമ്പോഴാണ് അവർ ലവ് ജിഹാദെന്നും മറ്റും പറഞ്ഞ് നിയമങ്ങൾ കൊണ്ടുവരുന്നതെന്നും മന്ത്രി അസ്​ലം ശൈഖ് പറഞ്ഞു.

തങ്ങളുടെ അപര്യാപ്തതകൾ മറച്ചുവെക്കാനാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്. തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ലവ് ജിഹാദിന് നിയമം, പശുക്കൾക്ക് പ്രത്യേക മന്ത്രിസഭ തുടങ്ങിയ വിഷയങ്ങൾ കൊണ്ടുവന്ന് പരാജയം മറയ്ക്കാനാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നത്.

മഹാരാഷ്ട്ര സർക്കാറിന് വിഷയത്തിൽ ജാഗ്രതയുണ്ട്, സംസ്ഥാനത്ത് അത്തരം നിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഉടൻ നിയമമുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അസ്​ലം ശൈഖ് പ്രതികരിച്ചത്.

സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടന അനുസരിച്ചാണ്. അതിനാൽ അപ്രസക്തമായ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുകയോ നിർമ്മിക്കുകയോ ചെയ്യില്ല. ഭരണഘടനയിൽ, ഈ രാജ്യത്തെ പൗരൻ എന്ന് എഴുതിയിരിക്കുന്നു, അതുപ്രകാരം എവിടെ വേണമെങ്കിലും താമസിക്കാം, രാജ്യത്ത് ആരെയും വിവാഹം കഴിക്കാം, ഏത് മതവും സ്വീകരിക്കാം. നിർബന്ധിച്ച് എന്തെങ്കിലും ചെയ്താൽ അത് കൈകാര്യം ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. -അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.