ന്യൂഡൽഹി: യു.എസിൽ ട്വിറ്റർ അക്കൗണ്ട് ഹാക്കിങ് വഴി നടന്ന ബിറ്റ്കോയിൻ തട്ടിപ്പ് സംബന്ധിച്ച് ഇന്ത്യൻ സർക്കാർ ട്വിറ്റർ ഇന്ത്യക്ക് നോട്ടീസ് അയച്ചു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി പി.ടി.െഎ വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം എത്ര ഇന്ത്യക്കാർ ഹാക്കിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന.
എത്ര ഇന്ത്യൻ ട്വിറ്റർ യൂസർമാർ സ്കാം വെബ് സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടെന്നും ഹാക്കിങ്ങിന് വിധേയരായ യൂസർമാരോട് അവരുടെ അക്കൗണ്ടുകൾ തൽക്കാലത്തേക്ക് നീക്കം ചെയത് വിവരം അവരെ അറിയിച്ചിട്ടുണ്ടോ എന്നും കേന്ദ്രം ചോദിച്ചു. ഹാക്കർമാർ പ്രമുഖകരുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തതിനെ കുറിച്ചും അതിന് ട്വിറ്റർ ഇതുവരെ സ്വീകരിച്ച പരിഹാര നടപടികളെ കുറിച്ചും എത്രയും പെട്ടന്ന് വിവരം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ശതകോടീശ്വരൻമാരായ ഇലോൺ മസ്ക്, ജെഫ്് ബെസോസ്, ബിൽ ഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡൻറ് ബറാക്ക് ഒബാമ, വൈസ് പ്രസിഡൻറ് ജോ ബൈഡൻ തുടങ്ങിയവരുടെ അടക്കം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളായിരുന്നു ബിറ്റ്കോയിൻ മാഫിയ ഹാക്ക് ചെയ്തത്. ഉബർ, ആപ്പിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടവയിൽ പെടും. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ 1000 ഡോളറിേൻറതിന് തുല്യമായത് അയച്ചാൽ തിരികെ 2000 ഡോളർ നൽകുമെന്നാണ് പ്രമുഖരുടെയെല്ലാം ട്വീറ്റുകളിലൂടെ വ്യക്തമാക്കിയത്. ആഭ്യന്തര സംവിധാനങ്ങളിലും ഉപകരണങ്ങളിലും നുഴഞ്ഞുകയറിയാണ് ബിറ്റ്കോയിൻ മാഫിയ ഹാക്കിങ് നടത്തിയതെന്ന് ട്വിറ്റർ അറിയിച്ചിരുന്നു.
എന്തായാലും എഫ്.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിപ്പിനെതിരെ ജനം ജാഗ്രത പാലിക്കണമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണിതെന്നാണ് എഫ്.ബി.െഎയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.