ന്യൂഡൽഹി: സ്വകാര്യ ട്രെയിൻ സർവിസുകളിലെ യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ കമ്പനികൾക്ക് തന്നെ അനുവാദം നൽകുമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് തീരുമാനം.
യാത്രക്കാരുടെ ടിക്കറ്റ് നിരക്കുകൾ നിർണയിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. എ.സി ബസുകളും വിമാനങ്ങളും അതേ റൂട്ടിൽ സർവിസ് നടത്തുന്നുണ്ടെന്ന ഓർമ മനസിൽ വെച്ചാകണം ടിക്കറ്റ് നിരക്ക് നിർണയിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റെയിൽവേ. ഒരു ദിവസം ആസ്ട്രേലിയയുടെ ജനസംഖ്യയോളം വരുന്ന ജനങ്ങൾ ഇന്ത്യൻ റെയിൽവേ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെയിൽവേയിൽ പങ്കാളിത്തത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിക്കുകയായിരുന്നു. ട്രെയിൻ സർവിസ് നടത്തുന്നതിനും സ്റ്റേഷൻ വിപുലീകരിക്കുന്നതിനുമാണ് സ്വകാര്യ കമ്പനികൾക്ക് അനുവാദം ലഭിക്കുക.
ആൾസ്റ്റം എസ്.എ, ബോംബാർഡിയർ, ജി.എം.ആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, അദാനി എൻറർപ്രൈസസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
റെയിൽവേയിൽ സമ്പൂർണ സ്വകാര്യവൽകരണം നടപ്പാക്കുന്നതിെൻറ ഭാഗമായി 109 സുപ്രധാന റൂട്ടുകളിൽ 151 ജോഡി ട്രെയിനുകൾ ഓടിക്കാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ആദ്യ ട്രെയിനുകൾ 2023 ഏപ്രിലിൽ ഓടിത്തുടങ്ങും. 2025 മാർച്ചോടെ 109 റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ െകാണ്ടുവരികയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.