സുപ്രീംകോടതി

ഗവർണർക്ക് നിയമസഭ​യെ മറികടക്കാനാവില്ല; ബില്ലുകൾ ഒപ്പിടുന്നതിൽ നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർമാരും സംസ്ഥാന സർക്കാറുകളും തമ്മിലുള്ള പോരിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെക്കുകയാണെങ്കിൽ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഇന്ത്യൻ ഭരണഘടനയുടെ 200ാം അനുച്ഛേദത്തിൽ ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുകയാണെങ്കിൽ അടുത്ത നടപടിയെന്താണെന്ന് വിശദീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.

ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ പ്രസിഡന്റി​ന്റെ അഭിപ്രായം തേടുകയോ ചെയ്യാം. ഭരണഘടന അനു​ച്ഛേദം 200 പ്രകാരം തടഞ്ഞുവെക്കുന്ന ബില്ലുകൾ ഉടൻ നിയമസഭക്ക് തിരിച്ചയച്ച് മാറ്റങ്ങൾ നിർദേശിക്കാം. ഈ മാറ്റങ്ങൾ വരുത്തിയോ വരുത്താതെയോ നിയമസഭ ബിൽ പാസാക്കി വീണ്ടും ഗവർണർക്ക് സമർപ്പിച്ചാൽ നിർബന്ധമായും ബില്ലിന് അനുമതി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഗവർണർ തെരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാനത്തിന്റെ തലവനാണ്. നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ല. പാർലമെന്ററി ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് അധികാരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവർണറെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.

പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർ​ണായക ഉത്തരവ്. ഡി.വൈ ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് പാർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്.​

Tags:    
News Summary - Governor Can't Veto Legislature By Simply Withholding Assent To Bill; Must Return Bill To Assembly On Withholding Assent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.