ചെന്നൈയിൽ അമ്മയുടെ കയ്യിൽ നിന്ന് തട്ടികൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി

ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമ്മയുടെ കയ്യിൽ നിന്ന് യുവതി തട്ടികൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി. കണ്ണഗി നഗറിലെ ആശുപത്രിയിൽ നിന്നുമാണ് കണ്ണകി നഗർ സ്വദേശിനിയായ നിഷാന്തിയുടെ 44 ദിവസം മാത്രം പ്രായമായ കുട്ടിയെ കണ്ടെത്തിയത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തത് തിരുവേർക്കാട് സ്വദേശിനി ദീപയാണെന്ന് പൊലീസ് കണ്ടെത്തി.

രണ്ട് ദിവസം മുമ്പാണ് നിശാന്തിനിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ ദീപ തട്ടിയെടുത്തത്. സൗജന്യ ആരോഗ്യ പരിശോധനക്കെന്ന വ്യാജേന നിശാന്തിനിയുമായി ദീപ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ ടി നഗറിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. കുഞ്ഞിനെ ദീപയെ ഏൽപ്പിച്ച് നിശാന്തിനി കൈ കൈഴുകാൻ പോയി. ഈ തക്കം നോക്കിയാണ് ദീപ കുഞ്ഞുമായി രക്ഷപ്പെട്ടത്. പിന്നീട് കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ദീപ വേലപ്പൻചാവടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്നും കുഞ്ഞിന്‍റെ വിവരങ്ങൾ ചോദിച്ചതോടെ ദീപ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഇതിനിടെ നിശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണഗി നഗർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ട്രാക്ക് ചെയ്യുകയും ദീപ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്തുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ തിരുവെർക്കാടുള്ള ആശുപത്രിയിൽ നിന്നും കണ്ടെത്തുന്നത്. തിരുവെർക്കാട് സ്വദേശിനിയായ ദീപയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ദീപ ഭർത്താവിനെ കബളിപ്പിച്ച് വരികയായിരുന്നു. ദീപ നവജാതശിശുക്കളുടെ വിവരങ്ങൾ തേടി പല വീടുകളിലും കയറിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവർ പതിവായി ആശുപത്രികളിൽ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Newborn baby kidnapped from mother found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.