ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാറുമായുള്ള പോര് കൂടുതൽ കടുപ്പിച്ച് 10 ബില്ലുകൾ തിരിച്ചയച്ച് ഗവർണർ ആർ.എൻ രവി. നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച ബില്ലുകളാണ് തിരിച്ചയച്ചത്. ഈ ബില്ലുകൾ വീണ്ടും നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കണം.
നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ വീണ്ടും പാസാക്കുമെന്ന് സ്പീക്കർ എം.അപ്പാവു തിരുവണ്ണാമലൈയിൽ പറഞ്ഞു. ശനിയാഴ്ച തന്നെ നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് തന്നെ ബില്ലുകൾ വീണ്ടും പാസാക്കി ഗവർണർക്ക് സമർപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
രാജ്ഭവൻ ബില്ലുകളിൽ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 12 ബില്ലുകളിലാണ് ഗവർണർ ഒപ്പിടാനുള്ളത്. ഇതിൽ നാല് ഔദ്യോഗിക ഉത്തരവുകളും 54 തടവുകാരുടെ നേരത്തെയുള്ള മോചനം സംബന്ധിച്ച ഫയലും ഉൾപ്പെടും. ഗവർണർ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതെന്ന് വ്യക്തമല്ല.
നവംബർ 10ന് തമിഴ്നാട് സർക്കാർ നൽകിയ കേസ് പരിഗണിച്ചപ്പോൾ ഗവർണർ ബില്ലുകളിൽ തീരുമാനമെടുക്കാത്തത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടും കോടതി തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.