ന്യൂഡൽഹി: രാജ്യത്ത് പത്ത് ആണവ റിയാക്ടറുകൾ തദ്ദേശീയമായി നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.രാജ്യത്ത് ആദ്യമായാണ് ആണവോർജരംഗത്തെ ഇത്രയും ബൃഹത്തായ പദ്ധതിക്ക് ഒറ്റയടിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുന്നത്. ഇവ പൂർത്തിയാകുേമ്പാൾ ഒാരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഉൗർജം രാജ്യത്ത് കൂട്ടിച്ചേർക്കപ്പെടുമെന്നും കേന്ദ്ര ഉൗർജ-കൽക്കരി മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
രാജസ്ഥാനിലെ മഹി ബൻസ്വര, മധ്യപ്രദേശിലെ ചുട്ക, കർണാടകയിലെ കൈഗ, ഹരിയാനയിലെ ഗൊരഖ്പൂർ എന്നിവിടങ്ങളിലായാണ് 70,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പത്ത് സമ്മർദിത ഘനജല റിയാക്ടറുകൾ (പി.എച്ച്.ഡബ്ല്യു.ആർ) സ്ഥാപിക്കുക.
ഇന്ത്യയുടെ ഇപ്പോഴത്തെ ആണവോർജ ഉൽപാദനശേഷി 22 പ്ലാൻറുകളിൽ നിന്നായി 6780 മെഗാവാട്ടാണ്. 2021-22 ആവുേമ്പാഴേക്ക് മറ്റൊരു 6700 മെഗാവാട്ട് കൂടി ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ റിയാക്ടറുകളുടെ നിർമാണം നടന്നുവരുന്നു.
പൂർണമായും തദ്ദേശനിർമിതമായതിനാൽ രാജ്യത്തെ കമ്പനികൾക്കാണ് വൻ പദ്ധതിയുടെ ഒാർഡറുകൾ ലഭിക്കുക. 33,400 പേർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ ലഭിക്കാൻ നിലയനിർമാണം വഴിയൊരുക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സന്തുലിതവികസനം, ഉൗർജ സ്വയം പര്യാപ്തത, ആഗോള കാലാവസ്ഥവ്യതിയാനത്തിനെതിരായ പോരാട്ടം എന്നിവക്കായുള്ള കേന്ദ്രസർക്കാറിെൻറ പ്രതിജ്ഞാബദ്ധതക്ക് പദ്ധതി തെളിവാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ആണവോർജകരാറിൽ ഒപ്പുവെക്കുകയും ആണവസാമഗ്രികൾ കിട്ടാൻ വഴിയൊരുങ്ങുകയും ചെയ്തിട്ടും വിദേശരാജ്യങ്ങളിൽ നിന്ന് സാേങ്കതികവിദ്യയും സാമഗ്രികളും കൈമാറിക്കിട്ടുന്നതിലെ കാലതാമസം തുടരുന്നതിനിടെയാണ് ഘനജല റിയാക്ടറുകൾ സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രം മുന്നോട്ടുനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.