ന്യൂഡല്‍ഹി: ന്യൂനപക്ഷ മാനേജ്മെൻറുകള്‍ നടത്തുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശനത്തിന് സര്‍ക്കാര്‍ തന്നെ കൗണ്‍സലിങ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേരളത്തിലും പുറത്തുമുള്ള ക്രിസ്ത്യൻ മാനേജ്മെൻറുകളുടെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. അതേസമയം, ഇതേ ആവശ്യമുന്നയിച്ച കേരളത്തിലെ അമൃത അടക്കമുള്ള കൽപിത സർവകലാശാലകളുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.
ന്യൂനപക്ഷ മെഡിക്കൽ കോളജുകളുടെ പി.ജി കൗൺസലിങ്ങിൽ മാനേജ്മെൻറ് പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന മെഡിക്കൽ കൗൺസിൽ നിർദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മെൻറുകളായ പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കൽ കോളജുകൾക്ക് പുറമേ വെല്ലൂർ, ചണ്ഡിഗഢ് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളും ഉന്നയിച്ച ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ, സംസ്ഥാന പരിധി ബാധകമല്ലെന്ന വാദമുയർത്തിയ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിെൻറ കാര്യം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കല്‍പിത സർവകലാശാലകളില്‍ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അഖിലേന്ത്യ ക്വോട്ട അടിസ്ഥാനത്തിലാക്കണമെന്നും കൗണ്‍സലിങ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് മെഡിക്കൽ കൗൺസിൽ നിലപാട്.
ന്യൂനപക്ഷ മാനേജ്മെൻറുകളുടെയും കൽപിത സർവകലാശാലകളുടെയും മെഡിക്കൽ കോളജുകളിലെ മുഴുവൻ പി.ജി സീറ്റുകളിലേക്കുമുള്ള പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെതന്നെ നടത്തണമെന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) സുപ്രീംകോടതിയെ അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സീറ്റുകളിലേക്ക് ആ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കുമാത്രം പ്രവേശനം നൽകുന്നതിനാൽ ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാവില്ലെന്നും എം.സി.ഐ നിലപാട് വ്യക്തമാക്കി. മെറിറ്റ് ഉറപ്പാക്കാൻ സർക്കാർ കൗൺസലിങ് അനിവാര്യമാണ്. സ്വന്തംനിലക്കുള്ള കൗൺസലിങ് അനുവദിക്കാൻ പാടില്ല. സർക്കാർ കൗൺസിലിങ്ങിൽ മാനേജ്മെൻറിലെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്താമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇൗ വാദം പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.