ന്യൂഡൽഹി: കോവിഡ് മൂന്നാംതരംഗത്തെക്കുറിച്ചുള്ള വിശദീകരണങ്ങളിൽ കേന്ദ്രത്തിന് ഒറ്റസ്വരമായിരിക്കണമെന്ന് പാർലമെന്‍ററി പാനൽ മോദി സർക്കാറിനോട് ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ സംവിധാനങ്ങൾ എന്നിങ്ങനെ പലരും പലവിധത്തിൽ സംസാരിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും പാർലമെന്‍ററി പാനൽ അംഗങ്ങൾ പറഞ്ഞു.
ജൂലൈ-ആഗസ്റ്റിൽ മൂന്നാംതരംഗം ഉണ്ടാകുമെന്ന് ചിലർ പറയുമ്പോൾ അതല്ല, പിന്നീടാണ് ഉണ്ടാവുകയെന്നും കുട്ടികളെയാണ് ബാധിക്കുക എന്നും മറ്റ് ചിലർ പറയുന്നു. ഇതെല്ലാം ആശയക്കുഴപ്പമുണ്ടാക്കുന്നു. പാനൽ യോഗത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എം.പിമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി.
മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് സ്റ്റാന്‍റിങ് കമ്മിറ്റി തലവൻ. സാമൂഹ്യ സാമ്പത്തിക രംഗത്ത് കോവിഡ് രണ്ടാം തരംഗം ഉയർത്തിയ ഭീഷണിയും യോഗം ചർച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും മറ്റ് ഉദ്യോഗസ്ഥരും പാനൽ യോഗത്തിൽ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.
മൂന്നാംതരംഗത്തെ നേരിടാൻ എന്ത് തരത്തിലുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നായിരുന്നു എം.പിമാർ പ്രധാനമായും അറിയാനാഗ്രഹിച്ചത്. ഇന്ത്യ ഒരു ദിവസം 30 ലക്ഷം ഡോസ് വാക്സിനാണ് ജനങ്ങൾക്ക് നൽകിവരുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.