ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങളിലും ഭേദഗതി വരുത്താൻ തയാറാണെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. കർഷകരുടെ വികാരം മാനിച്ചുകൊണ്ടാണ് തീരുമാനം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ചാമത് അഗ്രിവിഷൻ ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സംഘടനകളുമായി സർക്കാർ 11 വട്ടം ചർച്ച നടത്തി. അതിൽ നിയമ ഭേദഗതി വരുത്താമെന്ന് വാക്കു നൽകുകയും ചെയ്തു. എന്നാൽ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും തോമർ പറഞ്ഞു.
കാർഷിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും മേഖലയെ ഉത്തേജിപ്പിക്കുന്നതിനും കർഷകരുടെ വിളകൾക്ക് വില ഉറപ്പാക്കുന്നതിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്നും തോമർ കൂട്ടിച്ചേർത്തു.
മൂന്നുമാസമായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആയിരത്തോളം കർഷകർ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
കർഷക സംഘടനകളും കേന്ദ്രവും തമ്മിൽ നിരന്തരം ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരമായിരുന്നില്ല. 2020 സെപ്റ്റംബറിലാണ് കേന്ദ്രം കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.