ന്യൂഡൽഹി: കോവിഡ് 19 വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് സംവിധാനം തിരികെ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ. നവംബർ എട്ടുമുതൽ വീണ്ടും ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തും.
2020ൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിരലടയാളം പതിച്ച് ഹാജർ രേഖപ്പെടുത്തുന്ന ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒഴിവാക്കിയിരുന്നു. കോവിഡ് മുൻ കരുതലുകളുടെ ഭാഗമായായിരുന്നു തീരുമാനം.
രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്താനായിരുന്നു ജീവനക്കാർക്ക് നൽകിയ നിർദേശം. എല്ലാ ജീവനക്കാർക്കും ബയോമെട്രിക് പഞ്ചിങ് സംവിധാനം തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര പേഴ്സനൽ മന്ത്രാലയം അറിയിച്ചു. അടുത്ത തിങ്കളാഴ്ച മുതൽ സംവിധാനം നിലവിൽ വരുമെന്നും അറിയിച്ചു.
ബയോമെട്രിക് പഞ്ചിങ് സംവിധാനം പുനഃസ്ഥാപിച്ചാലും ഹാജർ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും ജീവനക്കാർ കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്ന് അതത് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തണം. ഹാജർ രേഖപ്പെടുത്താൻ എത്തുന്ന ജീവനക്കാർ തമ്മിൽ ആറടി അകലം പാലിക്കണം. തിരക്ക് ഒഴിവാക്കാൻ ഒരു ബയോമെട്രിക് പഞ്ചിങ് മെഷീൻ കൂടി സ്ഥാപിക്കാമെന്നും നിർദേശത്തിൽ പറയുന്നു.
ജീവനക്കാർ മുഴുവൻ സമയവും മാസ്ക് ധരിക്കണം. ഇടക്കിടെ ബയോമെട്രിക് പഞ്ചിങ് മെഷീൻ വൃത്തിയാക്കണം. വായുകടക്കുന്ന പ്രദേശത്താകണം ബയോമെട്രിക് മെഷീനുകൾ സ്ഥാപിക്കേണ്ടതെന്നും നിർദേശത്തിലുണ്ട്.
കോവിഡിനെ തുടർന്ന് സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം പുനസ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.