ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയലിന്റെ രാജിയിൽ ദുരൂഹത ബാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറും അരുൺ ഗോയലും തമ്മിലുണ്ടായ ഗുരുതര അഭിപ്രായഭിന്നതയാണ് രാജിയിലേക്കു നയിച്ചതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചെങ്കിലും എന്തിനെച്ചൊല്ലിയാണ് ഭിന്നതയെന്ന് വെളിപ്പെടുത്താൻ തയാറായിട്ടില്ല.
അതിനിടെ, തെരഞ്ഞെടുപ്പ് കമീഷനിലെ രണ്ടു കമീഷണർമാരുടെ ഒഴിവുകൾ നികത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാളിെൻറ നേതൃത്വത്തിലുള്ള സേർച്ച് കമ്മിറ്റി രണ്ടു തെരഞ്ഞെടുപ്പ് കമീഷണർമാർക്കായി വെവ്വേറെ പാനലുകൾ തയാറാക്കേണ്ടതുണ്ട്. അതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെലക്റ്റ് കമ്മിറ്റി യോഗം ചേരുക. ഈ യോഗം മാർച്ച് 13നോ 14നോ ചേർന്ന് 15ഓടെ പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
ഗോയലിന്റെ രാജിയോടെ മൂന്നംഗ കമീഷനിൽ അവശേഷിക്കുന്ന ഏക അംഗമായ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ മാത്രംവെച്ച് നേരത്തേ നിശ്ചയിച്ചപ്രകാരം ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുമോ അതല്ല, രണ്ട് ഒഴിവുകളിൽ കമീഷണർമാരെ നിയമിക്കുന്നതുവരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുമോ എന്ന അനിശ്ചിതത്വത്തിനിടയിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. രണ്ടു കേന്ദ്ര സെക്രട്ടറിമാർ അടങ്ങുന്ന സെർച് കമ്മിറ്റി ഒരു കമീഷണറെ നിയോഗിക്കാൻ അഞ്ചു പേരുകളെങ്കിലും ശിപാർശ ചെയ്യണം. ആ പേരുകളിൽ നിന്നാണ് പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന മൂന്നംഗ കമ്മിറ്റി ഒരാളെ കമീഷണറായി ശിപാർശ ചെയ്യുക. പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അടങ്ങുന്ന മൂന്നംഗ സമിതി ഉണ്ടാക്കാനാണ് സുപ്രീംകോടതി വിധിച്ചതെങ്കിലും അത് മറികടന്ന് 2023ൽ നിയമം കൊണ്ടുവന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയെ അംഗമാക്കിയത്. ഈ സമിതി നിശ്ചയിക്കുന്നയാളെ രാഷ്ട്രപതി ഔദ്യോഗികമായി നിയമിക്കും. നേരത്തേ ഒരു കമീഷണർ വിരമിച്ചിട്ടും ഒഴിവ് നികത്താതിരുന്നതാണ് രണ്ടു കമീഷണർമാരുടെ നിയമനം അനിവാര്യമാക്കിയത്.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുമായി അഭിപ്രായഭിന്നതയാണ് കാരണമെന്ന വാദം പ്രതിപക്ഷം പൂർണമായും മുഖവിലക്കെടുക്കുന്നില്ല. മൂന്നു കാരണങ്ങളാണ് രാജിവാർത്ത കേട്ടപ്പോൾ തനിക്ക് തോന്നിയതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു: ‘ഒന്നുകിൽ രാജീവ് കുമാറിനെ മുന്നിലിരുത്തി പൊതുതെരഞ്ഞെടുപ്പിൽ പിൻസീറ്റ് ഡ്രൈവിങ് നടത്താൻ സർക്കാറിന്റെ നിർദേശപ്രകാരം വഴിമാറിയത്, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങൾ, അതുമല്ലെങ്കിൽ കൽക്കത്ത ഹൈകോടതി ജഡ്ജിയെപ്പോലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാകാൻ രാജിവെച്ചത്.’ കമീഷന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ഗോയലിന്റെ രാജിയുടെ കാരണം വെളിപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.