അലഹബാദ്: സ്ത്രീകളുടെ മാറിടത്തിൽ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈകോടതി. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്ന് വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസിന്‍റെ പരാമർശം. ഇത്തരം കുറ്റം ചെയ്തവർക്കുമേൽ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെയും പേരില്‍ വിചാരണ കോടതി പോക്‌സോ കേസ് ചുമത്തിയിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ മാറിടങ്ങളിൽ സ്പര്‍ശിച്ചുവെന്നും അടിവസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് പ്രതികൾ ഹൈകോടതിയിൽ ഹരജി നല്‍കിയത്. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമം കുറ്റാരോപിതർക്കു മേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പുഘട്ടത്തിൽനിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വഴിയാത്രക്കാരുടെ ഇടപെടലിനെത്തുടർന്ന് പ്രതികള്‍ പെണ്‍കുട്ടിയെ സ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വഴിയാത്രക്കാര്‍ കേസിൽ സാക്ഷികളായിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ പറയുന്നത് പ്രകാരം പ്രതികൾക്കെതിരായ മാറിടങ്ങളില്‍ സ്പര്‍ശിച്ചു, പെണ്‍കുട്ടി ധരിച്ചിരുന്ന പൈജാമയുടെ ചരട് പൊട്ടിച്ച് വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ല എന്നാണ് കോടതിയുടെ നിരീക്ഷണം.
ആകാശിനെതിരെയുള്ള ആരോപണം പെണ്‍കുട്ടി ധരിച്ചിരുന്ന പൈജാമയുടെ ചരട് പൊട്ടിച്ചുവെന്നതാണ്. പെണ്‍കുട്ടിയെ വസ്ത്രാക്ഷേപം ചെയ്തതായി സാക്ഷികള്‍ പറഞ്ഞിട്ടില്ല. പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും ആരോപണമില്ല എന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസിൽ പ്രതികള്‍ക്കെതിരെ വിചാരണ കോടതി ചുമത്തിയ കുറ്റങ്ങളിൽ മാറ്റം വരുത്താനും അലഹബാദ് ഹൈകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.