നാഗ്പൂർ: നാഗ്പൂർ കലാപത്തിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിനുള്ള നഷ്ട പരിഹാരം കലാപകരികളിൽ നിന്ന് ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നഷ്ടപരിഹാരം നൽകാൻ തയാറായില്ലെങ്കിൽ ബുൾഡോസർ പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഛത്രപതി സംബാജി നഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് മാർച്ച് 17ന് നടത്തിയ മാർച്ചിനിടെ വിശുദ്ധ ലിഖിതമടങ്ങിയ ചാദർ കത്തിച്ചു എന്നോരോപിച്ചാണ് കലാപം തുടങ്ങിയത്.
അക്രമത്തിൽ ഡെപ്യൂട്ടി കമ്മീഷണറുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. കലാപത്തിനിടെ പരിക്കേറ്റ 40 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെട്ടു.
ആക്രമണത്തിൽ പങ്കെടുത്ത 140 പേരെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ഫഡ്നാവിസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിനിടെ വനിതാ പൊലീസുദ്യോഗസ്ഥ പീഢനത്തിനിരയായെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിൽ വിദേശ ബന്ധം ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.