ബംഗളൂരു: തീവ്രവാദബന്ധം ആരോപിച്ച് കർണാടക മുൻ എം.എൽ.എ ഇദിനബ്ബയുടെ പേരമകൾ മറിയം എന്ന ദീപ്തി മരിയയെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. അസി. ഇൻവെസ്റ്റിഗേറ്റിവ് ഓഫിസർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അജയ് സിങ്, മോണിക ദിക്വാൾ എന്നിവരടങ്ങുന്ന ഡൽഹി എൻ.ഐ.എ സംഘമാണ് ഇവരെ ഉള്ളാൾ മസ്തികട്ടെ ബി.എം കോമ്പൗണ്ടിലെ വീട്ടിൽനിന്ന് ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരത്തിൽ ഇദിനബ്ബയുടെ മകനും അമ്മാർ അബ്ദുൽ റഹ്മാന്റെ പിതാവുമായ ബി.എം. ബാഷയുടെ വസതി എൻ.ഐ.എ സംഘം റെയ്ഡ് ചെയ്തിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ അമ്മാർ അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്തു.
ബാഷയുടെ മറ്റൊരു മകൻ അനസ് അബ്ദുറഹ്മാന്റെ ഭാര്യയായ മറിയമിനെ രണ്ടു ദിവസത്തെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചിരുന്നു.
പിന്നീട് നിരീക്ഷണത്തിലായിരുന്ന ഇവരെ തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. കുടക് വീരാജ്പേട്ട സ്വദേശിയായ ദീപ്തി ആറു വർഷംമുമ്പ് ദറലകട്ടെയിൽ ബി.ഡി.എസിന് പഠിക്കുമ്പോഴാണ് അനസുമായി പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് മതംമാറി മറിയം എന്ന പേർ സ്വീകരിച്ചു.
അമ്മാർ അബ്ദുറഹ്മാനും മറിയമും മലയാളിയായ മുഹമ്മദ് അമീൻ ഉൾപ്പെട്ട സംഘവുമായി ബന്ധപ്പെട്ടിരുന്നതായും ഐ.എസിലേക്ക് കേരളം, കർണാടക, കശ്മീർ എന്നിവിടങ്ങളിൽനിന്ന് യുവാക്കളെ ആകർഷിച്ചിരുന്നെന്നും എൻ.ഐ.എയുടെ ആരോപണം. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ഐ.എസ് അനുകൂല ആശയങ്ങൾ പ്രചരിപ്പിച്ചതിലും മറിയമിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.