ഗുജറാത്തിലും കളംനിറഞ്ഞ് മക്കൾരാഷ്ട്രീയം

അഹ്മദാബാദ്: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും അരങ്ങുവാണ് മക്കൾരാഷ്ട്രീയം. ഭരണപക്ഷമായ ബി.ജെ.പിയിൽനിന്നും പ്രതിപക്ഷമായ കോൺഗ്രസിൽനിന്നുമായി 20 പേരെങ്കിലും ബന്ധുബലത്തിൽ വിവിധ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നുണ്ട്.

കോൺഗ്രസ് ഇത്തരത്തിൽ 13 പേരെയും ബി.ജെ.പി ഏഴുപേരെയും സ്ഥാനാർഥികളാക്കി. ഡിസംബർ ഒന്നിനും അഞ്ചിനുമായാണ് ഗുജറാത്ത് വോട്ടെടുപ്പ്. മൊത്തം 182 മണ്ഡലങ്ങളിലാണ് മത്സരം. നേതാവിന് വൻ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പകരക്കാരില്ലാതെവരുന്നതും നേതാവിന്റെ മക്കൾക്ക് വിജയസാധ്യത കൂടുന്നതുമാണ് കുടുംബവാഴ്ചയിലേക്കുള്ള വഴിയൊരുക്കുന്നതെന്നാണ് വിലയിരുത്തൽ.

ഗുജറാത്തിലെ ഗിരിവർഗ നേതാവും പത്തുതവണ കോൺഗ്രസ് എം.എൽ.എയുമായിരുന്ന മോഹൻ സിൻഹ് രത്‍വ പാർട്ടി വിട്ട് കഴിഞ്ഞ മാസം ബി.ജെ.പിയിലെത്തിയതിന് പിന്നാലെ, ഛോട്ട ഉദേപുർ സീറ്റ് ബി.ജെ.പി അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര സിൻഹ് രത്‍വക്ക് നൽകി. ഇവിടെ, മുൻ റെയിൽവേ മന്ത്രി നരൻ രത്‍വയുടെ മകൻ സംഗ്രം സിൻഹ് രത്‍വ ആണ് കോൺഗ്രസ് സ്ഥാനാർഥി. എസ്.ടി മണ്ഡലമാണിത്.

അഹ്മദാബാദിലെ സനാന്ദ് സീറ്റിലെ സിറ്റിങ് എം.എൽ.എ കാനു പട്ടേൽ മുൻ കോൺഗ്രസ് എം.എൽ.എ കരൺ സിങ് പട്ടേലിന്റെ മകനാണ്. പട്ടേൽ സിങ് 2017ൽ ബി.ജെ.പിയിലെത്തി. ഇതാണ് അന്ന് മകനുള്ള വഴിതുറന്നത്. തസ്റയിലെ ബി.ജെ.പി സ്ഥാനാർഥി യോഗേന്ദ്ര പർമർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മറ്റൊരു നേതാവായ രാംസിങ് പർമറിന്റെ മകനാണ്.

അഹ്മദാബാദിലെ തന്നെ ഡനിലിംഡ സീറ്റിൽ മത്സരിക്കുന്ന ശൈലേഷ് പർമർ (കോൺഗ്രസ്) മുൻ എം.എൽ.എ മനുഭായ് പർമറിന്റെ മകനാണ്. ശൈലേഷ് ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. നേരത്തെ രണ്ടു തവണയും വിജയിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഗേലയുടെ മകൻ മഹേന്ദ്ര സിങ് വഗേലയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ മാസമാണ് മഹേന്ദ്ര സിങ് ബി.ജെ.പി വിട്ട് വീണ്ടും കോൺഗ്രസിൽ എത്തിയത്. ബയാദ് സീറ്റിൽനിന്നാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി അമർ സിങ് ചൗധരിയുടെ മകൻ തുഷാർ ചൗധരിയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. ബർദോളി മണ്ഡലത്തിൽനിന്നാണ് ജനവിധിതേടുന്നത്.

വിരംഗ പോരാട്ടം ഹാർദിക്കിന് എളുപ്പമാകില്ല

അഹ്മദാബാദ്: പട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേലിനെ ഇറക്കി കോൺഗ്രസിൽനിന്ന് വിരംഗം മണ്ഡലം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് ഗുജറാത്ത് ബി.ജെ.പി. 29കാരനായ പട്ടേൽ അഹ്മദാബാദ് വിരംഗം താലൂക്കിലെ ചന്ദ്രനഗർ ഗ്രാമത്തിൽനിന്നുള്ളയാളാണ്.

ജനിച്ചതും വളർന്നതും വിരംഗം പട്ടണത്തിൽ. നിയമസഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കമാണ്. കോൺഗ്രസ് സിറ്റിങ് എം.എൽ.എ ലഖാഭായ് ഭർവാദുമായാണ് ഹാർദിക് പട്ടേൽ ഏറ്റുമുട്ടുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ 6500ലധികം വോട്ടിനാണ് ഭർവാദ് പരാജയപ്പെടുത്തിയത്.

10 വർഷമായി വിരംഗം കോൺഗ്രസിനൊപ്പമാണ്. വിരംഗം ഉൾപ്പെടെ 92 സീറ്റുകളിലാണ് ഡിസംബർ അഞ്ചിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടിങ്. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തേജശ്രീ പട്ടേൽ 16,000 വോട്ടിലധികം ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. എന്നാൽ, പാർട്ടി മാറി 2017ൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച തേജശ്രീയെ വോട്ടർമാർ പരാജയപ്പെടുത്തി.

മണ്ഡലത്തിൽ ഭർവാദിന് നല്ല ജനപിന്തുണയുള്ളതിനാൽ ഹാർദിക്കിന് വിജയം അരികെയാകില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് ജാതി പരിഗണനയൊന്നുമില്ലാതെ പല സമുദായങ്ങളിൽനിന്നുള്ളവർ ജനവിധി തേടിയ മണ്ഡലമാണിത്.

Tags:    
News Summary - gujarat assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.