മോർബി പാലം: ഒറേവ ഗ്രൂപ്പ് പ്രമോർട്ടർ ജയ്സുഖ് പട്ടേൽ പ്രധാനപ്രതിയെന്ന് കുറ്റപത്രം

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി പാലംതകർന്ന് വീണ് 135 പേർ മരിക്കാനിടയായ സംഭവത്തിൽ പാലം പുനർനിർമാണം നടത്തിയ ഒറേവ ഗ്രൂപ്പിന്റെ പ്രമോർട്ടറുടെ പേര് കുറ്റപത്രത്തിൽ ഉപ്പെടുത്തി. മൂന്നു മാസം നീണ്ട നിബ്ദതക്കൊടുവിലാണ് അജന്ത-ഒറേവ ഗ്രൂപ്പിന്റെ പ്രമോർട്ടർ ജയ്സുഖ് പട്ടേലിന്റെ ​പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. 1,262 പേജുള്ള കുറ്റപത്രത്തിൽ പ്രധാനപ്രതിയായാണ് ജയ്സുഖ്.

പൊലീസ് ഇയാൾക്കെതി​രെ കഴിഞ്ഞ ആഴ്ച അറസ്ററ് വാറന്റ്പുറപ്പെടുവിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് തടയാൻ ജനുവരി 16ന് ജയ്സുഖ് മുൻകൂർ ജാമ്യത്തിന് ​അപേക്ഷിച്ചിരിക്കുകയാണ്.

വാച്ച് നിർമാണത്തിൽ പ്രശസ്തരായ ഒറേവ ഗ്രൂപ്പിനാണ് മോർബി പാലത്തിന്റെ പുനർനിർമാണവും നടത്തിപ്പും അറ്റകുറ്റപ്പണിയുമെല്ലാം നൽകിയിരുന്നത്. പാലം തുറന്ന് കൊടുത്ത് നാലു ദിവസത്തിനു ശേഷം ഒക്ടോബർ 30 നാണ് അത് തകർന്ന് വീണ് 135 ആളുകൾ മരിച്ചത്.

പട്ടേൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിയുകയാണെന്നും ചോദ്യം ചെയ്യിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമ്മൻസുകൾ അവഗണിക്കുകയാണെന്നും ​മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹത്തിന്റെ വീടുകളും ഫാക്ടറികളും മറ്റ് സ്വത്തുവകകളും ഒളിക്കാനിടയുള്ള ഇടങ്ങളുമെല്ലാം ഞങ്ങൾ പരിശോധിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പല തവണ ആവശ്യപ്പെട്ടു. ഒടുവിൽ സി. ആർ.പി.സി 70 ​പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

പാലം തകർന്ന സംഭവത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ കമീഷൻ നിരവധി തകരാറുകൾ കണ്ടെത്തിയിരുന്നു. പാലത്തിന് ഒരേ സമയം താങ്ങാവുന്ന ആളുകളിൽ കൂടുതൽ കയറ്റിയതുൾപ്പെടെയുള്ള പ്രശ്നങ്ങളാണ് അന്വേഷണ കമ്മിറ്റി കണ്ടെത്തിയത്.

സംഭവത്തിൽ ഇതുവരെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സബ് കോൺട്രാക്ടർമാർ, ടിക്കറ്റ് ക്ലർക്കുമാരായ കൂലിത്തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Gujarat Bridge Renovation Firm Boss Named As Prime Accused In Chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.