അഹ്മദാബാദ്: ഗുജറാത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. അഹ്മദാബാദ്, വഡോദര, രാജ്കോട്ട്, സൂറത്ത്, ഭാവ്നഗർ, ജാംനഗർ എന്നീ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 576 സീറ്റുകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ്.
രണ്ട് പതിറ്റാണ്ടുകളായി കോർപറേഷനുകൾ നിയന്ത്രിക്കുന്ന സംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും പുറമെ ആംആദ്മി പാർട്ടിയും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും ഒരു കൈ നോക്കുന്നുണ്ട്. ഭാരതീയ ട്രൈബൽ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ബഹുജൻ മുക്തി പാർട്ടി എന്നിവയും രംഗത്തുണ്ട്.
പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരുടെ സ്വന്തം നാടാണെങ്കിലും ബി.ജെ.പിയുടെയോ കോൺഗ്രസിെൻറയോ ഉന്നത ദേശീയ നേതാക്കളാരും പ്രചാരണത്തിനായി എത്തിയില്ല. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഉയർന്ന പടലപ്പിണക്കങ്ങൾ മൂലം ഇരുപാർട്ടികളിലും അസ്വാസ്ഥ്യം പുകയുകയാണ്.
എന്നാൽ ആപ്പ് കാമ്പയിന് നേതൃത്വം നൽകാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മജ്ലിസ് സ്ഥാനാർഥികൾക്കായി പാർട്ടി മേധാവി അസദുദ്ദീൻ ഉവൈസിയും ഗുജറാത്തിലെത്തി. എതിർവോട്ട് ഭിന്നിപ്പിക്കാൻ ബി.ജെ.പി കളത്തിലിറക്കിയ ബി ടിമാണ് ഇരുപാർട്ടികളുമെന്നാണ് കോൺഗ്രസിെൻറ ആക്ഷേപം.
28ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 55 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
സൗജന്യ വൈഫൈ സോണുകൾ, നികുതി ഇളവ്, നഗരസഭ സ്കൂളുകളിൽ സൗജന്യവിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
രാമക്ഷേത്രം ഉൾപ്പെടെ മോദി സർക്കാറിെൻറ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഭരണകക്ഷിയുടെ വോട്ടുതേടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.