ന്യൂഡൽഹി: ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് അന്വേഷിക്കണമെന്ന ഹരജികളിൽ സുപ്രീംകോടതി അടുത്തയാഴ്ചക്കു ശേഷം വാദം കേൾക്കും. 2002-06 കാലയളവിൽ നടന്ന ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കമെന്നാവശ്യപ്പെട്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ജി വർഗീസ്, ഗാനരചയിതാവ് ജാവേദ് അഖ്തർ, സാമൂഹിക പ്രവർത്തക ശബ്നം ഹശ്മി എന്നിവരാണ് 2007ൽ സുപ്രീംകോടതിയെ സമീപിച്ചത്. ബി.ജി. വർഗീസ് 2014ൽ അന്തരിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ എതിർ കക്ഷികളായ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ അഭിഭാഷകൻ മുകുൾ രോഹതഗി അസുഖബാധിതനായതിനാൽ ഹാജരായില്ലെന്നും അതുകൊണ്ട് വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന അപേക്ഷ പരിഗണിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വാദം കേൾക്കൽ നീട്ടിയത്. കേസിൽ ഗുജറാത്ത് സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്.
ഹരജികൾ ദീർഘകാലമായി തീർപ്പുകല്പിക്കാതെ കിടക്കുകയാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഗുജറാത്തിലെ നിരവധി വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എച്ച്.എസ്. ബേദി കമ്മിറ്റി വളരെ മുമ്പുതന്നെ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2002-06 കാലയളവിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 17 വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബേദി ചെയർമാനായ നിരീക്ഷണ സമിതിയെ ആണ് നിയോഗിച്ചത്. കമ്മിറ്റി 2019ൽ സീൽചെയ്ത കവറിൽ സുപ്രീംകോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷിച്ച 17 കേസുകളിൽ ഉൾപ്പെട്ട മൂന്നു ഏറ്റുമുട്ടൽ കൊലകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് കമ്മിറ്റി നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ സുപ്രീംകോടതി ഹരജിക്കാർക്ക് കൈമാറുന്നതിൽ ഗുജറാത്ത് സർക്കാർ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ, 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് റിപ്പോർട്ട് രഹസ്യമാക്കിവെക്കണമെന്ന ഗുജറാത്ത് സർക്കാറിന്റെ ആവശ്യം തള്ളുകയും അന്തിമ റിപ്പോർട്ടിലെ വിവരങ്ങൾ ഹരജിക്കാർക്ക് നൽകാമെന്നും നിർദേശിച്ചു. ഹരജിക്കാരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും പരാതിക്കാർ ജീവിക്കുന്ന സംസ്ഥാനത്തിന് പുറത്തുള്ള ഗുജറാത്തിൽമാത്രമാണ് അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ എങ്ങനെ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നേരത്തെ വിശദമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
സമീർ ഖാൻ, ഖസം ജാഫർ, ഹാജി ഇസ്മയിൽ എന്നിവരെ ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ജസ്റ്റിസ് ബേദി കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലുണ്ട്. മൂന്ന് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.