സ​കി​യ ജാ​ഫ​രി, സ​ഞ്ജീ​വ്​ ഭ​ട്ട്, ഇ​ഹ്​​സാ​ൻ ജാ​ഫ​രി​

നീതിക്കായി നടത്തിയ വിഫലശ്രമങ്ങൾ

അഹ്മദാബാദ്: മുൻ കോൺഗ്രസ് എം.പിയും കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഇഹ്സാൻ ജാഫരിയടക്കം 69 പേരെ കൊലപ്പെടുത്തിയ, ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും കിരാതമായ സംഭവമായിരുന്നു ഗുൽബർഗ് സൊസൈറ്റിയിലേത്. സംഭവത്തിന്‍റെ മൂന്നു മാസം കഴിഞ്ഞ 2006 ജൂൺ എട്ടിനാണ് സകിയ ജാഫരി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർക്കെതിരെ പരാതി നൽകുന്നത്. അവരുടെ നിഷ്ക്രിയത്വവും ഗൂഢാലോചനയുമായിരുന്നു അവർ ആരോപിച്ചിരുന്നത്.

എന്നാൽ, പൊലീസിന്‍റെ ഭാഗത്തുനിന്നു നടപടിയൊന്നും ഇല്ലാതെ വന്നപ്പോൾ സകിയക്ക് ഹൈകോടതിയെ സമീപിക്കേണ്ടിവന്നു. താൻ നൽകിയ പരാതി എഫ്.ഐ.ആർ ആയി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി, ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനെതിരെ അവർ സുപ്രീംകോടതിയിലെത്തി. ആ സമയത്ത് ഗുജറാത്തിലെ ക്രമസമാധാന പാലനത്തെ വിമർശിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ സമർപ്പിച്ച റിട്ട് പെറ്റിഷൻ സുപ്രീംകോടതി മുമ്പാകെയുണ്ടായിരുന്നു.

2008 മാർച്ച് 26ന് സുപ്രീംകോടതി, വംശഹത്യയിലെ ഒമ്പതു കേസുകൾ അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. 2009 ഏപ്രിൽ 27ന് സകിയയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി എസ്.ഐ.ടിയോട് അതിലെ വിഷയങ്ങൾകൂടി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. സകിയയുടെ പരാതിയുമായി ബന്ധപ്പെട്ട് 145 സാക്ഷികളെ എസ്.ഐ.ടി വിസ്തരിച്ചു.

2010 ജനുവരി 19ന് സംഘം സകിയയുടെ പരാതിയിൽ അന്വേഷണം പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതേസമയം, ഗുൽബർഗ് സൊസൈറ്റി കേസ് വിചാരണക്കോടതിയിൽ മുന്നോട്ടു നീങ്ങുന്നുണ്ടായിരുന്നു. 2011 മേയ് അഞ്ചിന് എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് പരിശോധിക്കാൻ അമിക്കസ് ക്യൂറിക്ക് അനുമതി നൽകി. ജൂലൈ 25ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി.

ആ റിപ്പോർട്ടിൽ പരാമർശിച്ച വിഷയങ്ങൾകൂടി പരിഗണിച്ച് എസ്.ഐ.ടി റിപ്പോർട്ട് സുപ്രീംകോടതിക്കു സമർപ്പിച്ചു. 2011 സെപ്റ്റംബർ 12ന് എസ്.ഐ.ടി റിപ്പോർട്ട് ഗുൽബർഗ് കേസ് പരിഗണിക്കുന്ന വിചാരണ കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടു. 2012 ഫെബ്രുവരി എട്ടിന് എസ്.ഐ.ടി മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരായി സകിയ 2013 ഏപ്രിൽ 15ന് ഹരജി നൽകി. ഡിസംബർ 26ന് അതു തള്ളിയ കോടതി എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് സ്വീകരിച്ചു.

ഉന്നതതല യോഗമോ ഗൂഢാലോചനയോ?

മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഉന്നതതലത്തിൽ വിപുലമായ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. സബർമതി ട്രെയിൻ അഗ്നിക്കിരയായ 2002 ഫെബ്രുവരി 27ന് വൈകീട്ട് ഗാന്ധിനഗറിൽ യോഗം ചേർന്നെന്നും അതിൽ ഗോധ്ര തീവെപ്പിന്‍റെ പശ്ചാത്തലത്തിൽ മുസ്ലിംകൾക്കെതിരെ കലി തീർക്കാൻ ഹിന്ദുസമുദായത്തെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയെന്നുമായിരുന്നു ഉന്നയിച്ച വാദം.

മുൻ സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള കൺസേൺഡ് സിറ്റിസൺസ് ട്രൈബ്യൂണൽ റിപ്പോർട്ട്, സംസ്ഥാന റവന്യൂ മന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയും മുൻ ഇന്‍റലിജൻസ് എ.ഡി.ജി.പി ആർ.ബി. ശ്രീകുമാറും നൽകിയ മൊഴികൾ, ആ യോഗത്തിൽ പങ്കെടുത്തു എന്നവകാശപ്പെട്ട അന്നത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന സഞ്ജീവ് ഭട്ടിന്‍റെ മൊഴി എന്നിവയായിരുന്നു തെളിവുകൾ.

എന്നാൽ, യോഗത്തിൽ സംബന്ധിച്ച മുഴുവൻ ഉദ്യോഗസ്ഥരും ഭട്ടിന്‍റെ വാദത്തെ എസ്.ഐ.ടിക്കു മുമ്പാകെ ഖണ്ഡിച്ചു. അദ്ദേഹത്തിന്‍റെ ഫോൺ വിശദാംശങ്ങളും മുഖ്യമന്ത്രിയുടെ വീട്ടിൽ അന്നേരം അദ്ദേഹത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചില്ല. ഭട്ടിന്‍റെ സ്വഭാവത്തെക്കുറിച്ചും മോശം അഭിപ്രായമായിരുന്നു സുപ്രീംകോടതിക്ക്. അസംതൃപ്തനായ ഓഫിസർ എന്നാണ് എസ്.ഐ.ടി ശ്രീകുമാറിനെ വിശേഷിപ്പിച്ചത്. ഹരേൻ പാണ്ഡ്യ അന്നു കാബിനറ്റ് മന്ത്രിയായിരുന്നില്ലെന്നും മൊബൈൽ ഫോൺ രേഖകളനുസരിച്ച് യോഗത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും സംഘം കണ്ടെത്തി.

അതുകൊണ്ട് ക്രമസമാധാനനില വിലയിരുത്താൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത് ശരിയാണെങ്കിലും ഗൂഢാലോചന നടന്നതായി തെളിയിക്കാൻ പരാതിപ്പെട്ടവർക്കോ സാക്ഷികൾക്കോ സാധ്യമായില്ലെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്. അത് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. വിഷയത്തെ സെൻസേഷനലൈസ് ചെയ്യാനും രാഷ്ട്രീയവത്കരിക്കാനുമാണ് ഭട്ട്, പാണ്ഡ്യ, ശ്രീകുമാർ എന്നിവരുടെ സാക്ഷിമൊഴികളെന്നു സുപ്രീംകോടതിയും നിരീക്ഷിച്ചു.

Tags:    
News Summary - Gujarat genocide victims did not get and justice victims did not get and justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.