അഹ്മദാബാദ്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) വരുന്ന ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാട്ടിലെ 323 തദ്ദേശ സ്ഥാപനങ്ങളിൽ പരമാവധി അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിന് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് അവർ.
ആറു കോർപറേഷൻ, 55 നഗരസഭ, 31 ജില്ല പഞ്ചായത്ത്, 231 താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് അടുത്ത മാസമാണ് തെരഞ്ഞെടുപ്പ്.അസദുദ്ദീൻ ഉവൈസി അടുത്തയാഴ്ച ഗുജറാത്തിലെത്താനിരിക്കെ, പാർട്ടിയുടെ രണ്ടു മുതിർന്ന നേതാക്കൾ വിവിധ നഗരങ്ങളിൽ പര്യടനത്തിലാണ്.
ഔറംഗാബാദ് എം.പിയും പാർട്ടി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻറുമായ ഇംതിയാസ് ജലീൽ, മഹാരാഷ്ട്ര മുൻ എം.എൽ.എ വാരിസ് പത്താൻ എന്നിവരാണ് അഹ്മദാബാദ്, വഡോദര, സൂറത്ത്, ഭറൂച്ച് എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ പര്യടനം നടത്തുന്നത്.
സംസ്ഥാനത്തെ ആറുകോടി വോട്ടർമാരിലുൾപ്പെട്ട ന്യൂനപക്ഷ സമുദായത്തെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണിവർ. ഇതിെൻറ ഭാഗമായി, സാധ്യതയുള്ള സീറ്റുകൾ പിടിച്ചടക്കുന്നതിനുള്ള തന്ത്രങ്ങൾ പ്രാദേശിക നേതൃത്വവുമായി ചേർന്ന് മെനയും. ഉവൈസിയുടെ സന്ദർശനത്തിനുമുമ്പായി സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് തയാറാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. ഗുജറാത്ത് നിയമസഭയിൽ രണ്ടംഗങ്ങളുള്ള ഭാരതീയ ട്രൈബൽ പാർട്ടി(ബി.ടി.പി)യുമായി കഴിഞ്ഞയാഴ്ച സീറ്റു പങ്കിടാൻ ധാരണയായത് പലരുടെയും നെറ്റി ചുളിച്ചിരുന്നു.
സംസ്ഥാനത്ത് ബി.ജെ.പിക്കും കോൺഗ്രസിനുമാണ് ആധിപത്യമെങ്കിലും ശത്രുക്കളെ അമ്പരപ്പിച്ച് തങ്ങൾ മൂന്നാം ശക്തിയാകുമെന്നാണ് അഹ്മദാബാദിലെ പാർട്ടി യോഗത്തിൽ ഇംതിയാസ് ജലീൽ പറഞ്ഞത്.
ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ പ്രജ ശക്തി പാർട്ടി, 'ആപ്', എസ്.ഡി.പി.ഐ, ബി.എസ്.പി, ബഹുജൻ മുക്തി പാർട്ടി (ബി.എം.പി) എന്നിവരും ഭാഗ്യപരീക്ഷണത്തിനുണ്ട്.504 പേരുടെ ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക ഇറക്കി 'ആപ്' ഇക്കാര്യത്തിൽ ഒന്നാമതെത്തി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും പരസ്പരം സഹായിക്കുകയാണെന്ന് 'ആപ്' ദേശീയ വക്താവ് അതിഷി സിങ് 'മാധ്യമ'ത്തോട് പറഞ്ഞു.
2018ൽ ഗുജറാത്തിൽ അടിത്തറപണിത എസ്.ഡി.പി.ഐ ഒന്നിച്ച് മത്സരിക്കാൻ ബി.എസ്.പി, ബി.എം.പി നേതാക്കളുമായി അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ട്. നിരീക്ഷണത്തിെൻറ പേരിൽ തങ്ങളുടെ നേതാക്കളെ പൊലീസ് ശല്യം ചെയ്യുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഇക്റാമുദ്ദീൻ ശൈഖ് ആരോപിച്ചു.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും കോൺഗ്രസും നേട്ടമുണ്ടാക്കുകയും മൂന്നാം ബദൽ തകരുന്നതുമാണ് മുൻ അനുഭവമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ 'മാധ്യമ'ത്തോട് പറഞ്ഞു. 'ആപ്പും' എ.ഐ.എം.ഐ.എമ്മും ബി.ജെ.പി 'ബി' ടീമാണ്. ജനപിന്തുണ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബി.ജെ.പി, കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഇരു പാർട്ടികളെയും ക്ഷണിച്ചതെന്നും അർജുൻ പറഞ്ഞു.
തെറ്റായ മണ്ഡല പുനഃക്രമീകരണം വഴി ഇതിനകം മുസ്ലിം വോട്ടുകൾ വിഭജിക്കപ്പെട്ടിരിക്കെ എ.ഐ.എം.ഐ.എമ്മിെൻറയും മറ്റു പാർട്ടികളുടെയും വരവ് മുസ്ലിം സ്ഥാനാർഥികളുടെ വിജയസാധ്യത തീർത്തും ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് ഗിയാസുദ്ദീൻ ശൈഖ് പറഞ്ഞു. നഗര വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചാരണ പരിപാടികൾക്ക് കോൺഗ്രസ് തുടക്കം കുറിച്ചു. 182 അംഗ ഗുജറാത്ത് നിയമസഭയിൽ 60 ലക്ഷം വരുന്ന മുസ്ലിം സമുദായത്തിൽനിന്ന് മൂന്ന് എം.എൽ.എമാർ മാത്രമാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലും സ്ഥിതി മറിച്ചല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.