ഗുജറാത്ത് വംശഹത്യ: ടീസ്റ്റക്കും ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ചുവെന്ന കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. അഹമ്മദാബാദ് കോടതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചതായി പ്രേത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഡി.ഐ.ജി ദീപൻ ഭദ്രൻ പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് ടീസ്റ്റ, ശ്രീകുമാർ എന്നിവരെയും ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും അഹ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രിംകോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബി.ജെ.പി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയിൽ ടീസ്റ്റയും ശ്രീകുമാറും പങ്കാളിയായിരുന്നതായും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പെടുത്തിയിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി നൽകിയ പരാതി കഴിഞ്ഞ മാസം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയായിരുന്നു മൂന്നു പേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. മോദിക്കും മറ്റു 63 പേർക്കും സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Tags:    
News Summary - Gujarat riots: SIT files chargesheet against Teesta, retired DGP Sreekumar, ex-IPS officer Sanjiv Bhatt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.