ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വർഷത്തിനിടെ കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിൽ. 2021-22 വർഷത്തിൽ മാത്രം 24 പ്രതികളാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2017 മുതൽ ആകെ 80 പേർ ഗുജറാത്തിൽ കസ്റ്റഡിയിൽ മരിച്ചു. ദേശീയ മനുഷ്യാവകാശ കമീഷന്‍റേതാണ് കണക്കുകൾ.
2017-18ൽ 14 പേരാണ് കസ്റ്റഡിയിൽ മരിച്ചത്. 2018-19ൽ 13 പേരും, 2019-20ൽ 12 പേരും മരിച്ചു. 2020-21ൽ ഇത് 17 ആയി വർധിച്ചു.
ഗുജറാത്തിലെ ജയിലുകളുടെ അവസ്ഥയും ദയനീയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ തെളിയുന്നത്. പരമാവധി 14,000 പേരെ ഉൾക്കൊള്ളാവുന്നതാണ് ഗുജറാത്തിലെ ജയിലുകൾ. എന്നാൽ, നിലവിൽ 16,597 പേരാണ് ജയിലുകളിൽ കഴിയുന്നത്. ലോക്സഭയിലെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗുജറാത്തിലെ 745 പൊലീസ് സ്റ്റേഷനുകളിൽ 622ൽ മാത്രമാണ് സി.സി.ടി.വി ക്യാമറകളുള്ളത്. 123ൽ ക്യാമറയില്ല. പൊലീസ് സ്റ്റേഷനുകളുടെ നിലവാരം ഉയർത്താനായി 2020ലും 21ലും കേന്ദ്രം വകയിരുത്തിയ 25.58 കോടി രൂപ ഇതുവരെ നൽകിയിട്ടുമില്ല.
രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ് -76 പേർ. യു.പി (41), തമിഴ്നാട് (40), ബിഹാർ (38) എന്നിങ്ങനെയാണ് കസ്റ്റഡി മരണങ്ങളിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.