അഹ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപേറഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തകർപ്പൻ വിജയം. ആറ് മുനിസിപ്പൽ കോർപറേഷനുകളിലെ 576 സീറ്റുകളിൽ 489 എണ്ണം നേടി ആറിടത്തും ബി.ജെ.പി ഭരണം നിലനിർത്തി. 42 സീറ്റുകൾ നേടി കോൺഗ്രസ് ദയനീയ പരാജയം നുണഞ്ഞപ്പോൾ ഇതാദ്യമായി മത്സരരംഗത്തിറങ്ങിയ അരവിന്ദ് കെജ്രിവാളിെൻറ ആം ആദ്മി പാർട്ടി 27 സീറ്റ് നേടി കരുത്തുകാട്ടി. നരേന്ദ്ര മോദിയുടെ നാട്ടിൽ സാന്നിധ്യം അറിയിച്ച് അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഏഴ് സീറ്റ് നേടി. മൂന്ന് സീറ്റുമായി ബി.എസ്.പിയും ഇത്തവണ ഗുജ്റാത്തിൽ അക്കൗണ്ട് തുറന്നു.
അഹ്മദാബാദ്, വഡോദര, ഭാവ്നഗർ, ജാം നഗർ. രാജ്കോട്ട്, സൂറത്ത് കോർപറേഷനുകളിലേക്കാണ് തെരെഞ്ഞടുപ്പു നടന്നത്. 20 വർഷമായി കോർപറേഷൻ ഭരിക്കുന്ന ബി.ജെ.പിയെ ഭരണവിരുദ്ധ വികാരം ഏശിയില്ല. അതേസമയം, കോൺഗ്രസിെൻറ പരമ്പരാഗത വോട്ടുകൾ ഇത്തവണ വിഭജിക്കപ്പെട്ടു. അഹ്മദാബാദിലും വഡോദര കോർപറേഷനുകളിലുമാണ് ബി.ജെ.പി മേധാവിത്വം തെളിയിച്ചത്. സൂറത്തിൽ എ.എ.പി കരുത്തുകാട്ടിയപ്പോൾ അഹ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഉവൈസിയുടെ പാർട്ടി വിജയം നേടിയത്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. 2015ൽ ബി.ജെ.പി 391 സീറ്റുകൾ നേടി ആറു കോർപറേഷനുകളുടെയും ഭരണം നേടിയിരുന്നു. 174 സീറ്റുകളാണ് അന്ന് കോൺഗ്രസ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.