ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ജിഗ്നേഷ് മേവാനിയും ലക്ഷ്യമിട്ടത് ബി.ജെ.പിയുടെ തോൽവി തന്നെയായിരുന്നുവെങ്കിൽ പ്രചാരണത്തിലും തന്ത്രങ്ങളിലും ഇരുവരും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു.
കോൺഗ്രസിൽ േചർന്ന അൽപേഷ് താകോറിൽനിന്ന് ഭിന്നനായി സ്വതന്ത്രനായി മത്സരിച്ച മേവാനിയെ ഇങ്ങോട്ട് പിന്തുണക്കുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും എല്ലാം ചെയ്തത്. തെൻറ ക്യാമ്പ് ഒാഫിസ് സ്ഥിതിചെയ്യുന്ന പാലൻപുരിൽ രാഹുൽ ഗാന്ധി വേദി പങ്കിടാൻ ക്ഷണിച്ചപ്പോൾ സഹപ്രവർത്തകരായ ആക്ടിവിസ്റ്റുകളുമായി ഏറെനേരം കൂടിയാലോചന നടത്തിയശേഷം അവസാന നിമിഷമാണ് മേവാനി സമ്മതിച്ചത്. ക്ഷേത്രദർശനം പതിവാക്കിയും തൊപ്പിയും താടിയുംവെച്ച മുസ്ലിംകളെ റോഡ്ഷോ വാഹനങ്ങളിൽനിന്നും കോൺഗ്രസ് സമ്മേളനവേദികളിൽനിന്നും മാറ്റിനിർത്തിയും പരമാവധി ഹിന്ദുവോട്ട് വശീകരിക്കാനായിരുന്നു രാഹുൽ ഗാന്ധി ശ്രമിച്ചത്. മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽപോലും ഇൗ സൂക്ഷ്മത രാഹുൽ കാണിച്ചത് അതിെൻറ പ്രത്യാഘാതം മറ്റു മണ്ഡലങ്ങളിൽ എത്താതിരിക്കാനായിരുന്നു.
എന്നാൽ, ഇതിന് നേർവിപരീതമായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചതു മുതൽ മേവാനി കൈക്കൊണ്ട സമീപനം. താടിയും തൊപ്പിയും ധരിച്ച മുസ്ലിം സുഹൃത്തുക്കളെ കൂടെ തുറന്ന വാഹനത്തിൽ കയറ്റിയാണ് ആദ്യവസാനം അദ്ദേഹം റോഡ്ഷോ നടത്തിയത്. മേവാനിയെ സഹായിക്കുന്നത് മുസ്ലിംകളാണെന്നും അതിനാൽ അയാൾ ഹിന്ദുവിരോധിയാണെന്നും ദലിതുകൾക്കിടയിൽ പ്രചാരണം നടത്തിയ ബി.ജെ.പി മേവാനിക്കെതിരെ ഹിന്ദുവിരുദ്ധനെന്ന പോസ്റ്ററുകളിറക്കുകയും ചെയ്തു. രണ്ടു ഗ്രാമങ്ങളിൽ മേവാനിയെക്കൊണ്ട് ‘ജയ് ശ്രീരാം’ വിളിപ്പിക്കാനും ബി.ജെ.പി ശ്രമം നടത്തി. വിളിച്ചില്ലെങ്കിൽ ഗ്രാമത്തിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ ‘ജയ് ശ്രീരാം’ വിളിക്കാനാകില്ലെന്ന നിലപാടെടുത്ത് മടങ്ങുകയായിരുന്നു മേവാനി. അവിടുന്നങ്ങോട്ട് ‘താൻ രണ്ടാം വിവാഹം കഴിക്കുമെങ്കിൽ അത് മുസ്ലിം സ്ത്രീയായിരിക്കുമെന്ന് മേവാനി പറഞ്ഞതും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്ലിം തീവ്രവാദികളിൽനിന്ന് ഒരു ലക്ഷം സ്വീകരിച്ചതും’ ഒക്കെയായി മേവാനിയെ ഹിന്ദുവിരുദ്ധനാക്കാനുള്ള പ്രചാരണം കടുപ്പിച്ചു.
മണ്ഡലത്തിൽ നിർണായകമായ ദലിതുകളുടെയും ഠാകുർമാരുടെയും വോട്ട് പിടിക്കാമെന്നാണ് ഇതുവഴി ബി.ജെ.പി കരുതിയതെങ്കിലും അൽേപഷിെൻറ കീഴിലുള്ള ഠാകുർസേനയെയും പ്രാദേശിക ദലിത് നേതാക്കളെയും മുസ്ലിംകളോടൊപ്പം ചേർത്തുനിർത്തിയെങ്കിൽ മാത്രമേ ലക്ഷ്യമിടുന്ന രാഷ്ട്രീയമാറ്റം സാധ്യമാകൂ എന്ന് ബോധ്യപ്പെടുത്തുന്നതിൽ മേവാനി വിജയിച്ചുവെന്നുവേണം പറയാൻ. ന്യൂനപക്ഷം അദൃശ്യരായി നിന്ന ഗുജറാത്തിലെ 181 മണ്ഡലങ്ങളിൽനിന്ന് വഡ്ഗാമിനെ വ്യത്യസ്തമാക്കിയതും ഇതായിരുന്നു. ഇൗ വിഷയത്തിൽ മേവാനിക്കൊപ്പംനിന്ന് വഡ്ഗാമിനായി പ്രത്യേകം പ്രചാരണം നടത്തിയ അൽപേഷിന് തെൻറ മണ്ഡലമായ രാധൻപുരിൽ ഇതിന് ദലിതുകളിൽനിന്നും മുസ്ലിംകളിൽനിന്നും പ്രത്യുപകാരവും ലഭിച്ചു.
കോൺഗ്രസിന് ഗുജറാത്തി ഭാഷ നന്നായി സംസാരിക്കാൻ ആളില്ലാത്തതിെൻറ കുറവ് സ്വന്തം റാലികളിലൂടെ നികത്തിയ ഹാർദിക് പേട്ടലും രാഹുലിെൻറ മൃദുഹിന്ദുത്വത്തെ പിന്തുടർന്നില്ല. മോദിക്കും അമിത് ഷാക്കും ബി.ജെ.പിക്കുമെതിരായ പരിഹാസങ്ങളെ ഗുജറാത്ത് ജനത സ്വീകരിച്ചുതുടങ്ങിയത് ഹാർദികിെൻറ റാലികളിലൂടെയായിരുന്നു. മുസ്ലിംവിരുദ്ധരായ പാട്ടീദാറുമാരെ ബി.ജെ.പി വിരുദ്ധരാക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മുസ്ലിംകളല്ല ബി.ജെ.പിയാണ് ഗുജറാത്തിെൻറ ശത്രു എന്ന് തുറന്നുപറയാനും ധൈര്യം കാണിച്ചിരുന്നു ഹാർദിക് പേട്ടൽ.
കോൺഗ്രസിെൻറ ശക്തരായ തുഷാർ ചൗധരി, ശക്തി സിങ് ഗോഹിൽ, അർജുൻ മൊദ്വാദിയ, സിദ്ധാർഥ് പേട്ടൽ എന്നിവരേക്കാൾ മുേമ്പ അൽപേഷ് തോൽക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ ബി.ജെ.പി നേതാക്കളെ ഞെട്ടിച്ചാണ് അവർ തോറ്റിട്ടും മേവാനിക്കൊത്ത് അൽപേഷ് കളിച്ച സഹവർത്തിത്വത്തിെൻറ രാഷ്ട്രീയംകൊണ്ട് രാഥൻപുർ കോൺഗ്രസ് സ്വന്തമാക്കിയത്. കോൺഗ്രസിൽ ചേർന്നതോടെ അൽപേഷിനെ ഠാകുർമാർ കൈയൊഴിഞ്ഞുവെന്ന പ്രചാരണത്തിനും ഇത് അറുതിവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.