അഹ്മദാബാദ്: ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനി തന്നെ തുടരാൻ സാധ്യത. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മദിനംകൂടിയായ ഡിസംബർ 25ന് അഹ്മദാബാദിലോ ഗാന്ധിനഗറിലോ നടക്കുന്ന ചടങ്ങിൽ അദ്ദേഹം അധികാരമേൽക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ രൂപവത്കരിക്കാൻ മാത്രമുള്ള നേരിയ ഭൂരിപക്ഷമായതിനാൽ മുഖ്യമന്ത്രിയെ മാറ്റി സ്ഥിതി സങ്കീർണമാക്കാൻ സാഹചര്യമുണ്ടാക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനമത്രെ. അമിത് ഷാക്കും നരേന്ദ്ര മോദിക്കുമൊപ്പം പ്രവർത്തിക്കാനും എം.എൽ.എമാരെ സന്തോഷിപ്പിക്കാനും ആർ.എസ്.എസുമായി നല്ല ബന്ധം നിലനിർത്താനും രൂപാനി തന്നെയാണ് നല്ലതെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
പാർട്ടി എം.എൽ.എമാരെ ഒന്നിച്ചു നിർത്തൽ പ്രധാനമാണ്. അല്ലെങ്കിൽ കോൺഗ്രസിലേക്ക് കൂറുമാറ്റം നടന്ന് മന്ത്രിസഭ തന്നെ വീഴും. അമിത് ഷായുടെ വലംകൈയായ വിജയ് രൂപാനി 2015ൽ പാട്ടീദാർ പ്രക്ഷോഭത്തെ വിജയകരമായി നേരിട്ട് കഴിവ് തെളിയിച്ചയാളാണ്. പാർട്ടി നിയമസഭ കക്ഷി യോഗം ബുധനാഴ്ച വൈകീട്ട് ചേരുന്നുണ്ട്. അതേസമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുമെന്ന വാർത്തകൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിഷേധിച്ചു.
ഹിമാചലിൽ മുഖ്യമന്ത്രിസ്ഥാനാർഥി പ്രേംകുമാർ ധൂമൽ പരാജയപ്പെട്ടതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചയും നടക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും അഞ്ചുതവണ എം.എൽ.എയായ ജയ്റാം ഠാകുറുമാണ് മുന്നിലുള്ളത്. അതേസമയം, ധൂമലിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.