കലാപകാരികൾ ചുട്ടെരിച്ചത് 69 ജീവൻ; നീറുന്ന ഓർമയിൽ പഴയ വീടിനുമുന്നിൽ സാകിയ വീണ്ടുമെത്തി...

തന്‍റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ദിവസത്തിന്‍റെ നടുക്കുന്ന ഓർമയിൽ വിങ്ങുന്ന ഹൃദയത്തോടെ സാകിയ ജാഫ്രി നിന്നു. തകർന്നടിഞ്ഞ് കാടുകയറിയ തന്‍റെ പഴയ ഇരുനില വീടിന്റെ ഗേറ്റിൽ നിൽക്കുമ്പോൾ മറക്കാൻ ആഗ്രഹിച്ച ഒരുപാട് നിമിഷങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു. ഗുജറാത്ത് കലാപകാലത്ത് അക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയ അന്നത്തെ കോൺഗ്രസ് എം.പിയും തന്‍റെ ഭർത്താവുമായ ഇഹ്സാൻ ജാഫ്രിയും മക്കളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഗുൽബർഗ് സൊസൈറ്റിയിലാണ് കഴിഞ്ഞ ദിവസം സാകിയ എത്തിയത്. പ്രായാധിക്യത്താൽ അവശയായ സാകിയക്കൊപ്പം മകൾ നിഷ്‌റിൻ ജാഫ്രി ഹുസൈനും മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സെഡ്രിക് പ്രകാശും ഉണ്ടായിരുന്നു.

ഇഹ്സാൻ ജാഫ്രിയുൾപ്പെടെ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലെ 69 പേർ കലാപകാരികളാൽ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്‍റെ വാർഷികമായിരുന്നു ഇന്നലെ. വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിമാർക്കും ക്ലീൻചിറ്റ് നൽകിയത് ചോദ്യം ചെയ്തുള്ള സാകിയയുടെ ഹരജി സുപ്രീംകോടതി തള്ളിയതിനുശേഷമുള്ള അവരുടെ ആദ്യ സന്ദർശനമായിരുന്നു അത്. ഇതിന് മുമ്പ് 2012 ഫെബ്രുവരി 28നായിരുന്നു സാകിയ ഇവിടെ സന്ദർശിച്ചിരുന്നത്.


‘‘പ്രായാധിക്യം കൊണ്ടുതന്നെ വേദന നിറഞ്ഞ ഓർമകൾ അവരിൽ കുറഞ്ഞുവരികയാണ്. അബ്ബയോടൊത്തുള്ള സന്തോഷകരമായ ഓർമകളാണ് അവരിൽ നിറയെ. അഹമ്മദാബാദിലേക്ക് വരാൻ ആദ്യം ഭയപ്പെട്ടിരുന്നു. ഞാൻ കൂടെ വരാം എന്ന് പറഞ്ഞപ്പോഴാണ് സമ്മതിച്ചത്’’ -സാകിയയെക്കുറിച്ച് മകൾ നിഷ്‌റിൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യൂനിയൻ നേതാവായിരുന്ന കാലം മുതലുള്ള തന്റെ പിതാവിന്‍റെ അഭിമാനകരമായ പ്രവർത്തനങ്ങൾ സാകിയയും നിഷ്റിനും ഇടക്കെല്ലാം ഓർത്തെടുക്കാറുണ്ട്.

“എന്റെ പിതാവിനെക്കുറിച്ചോർത്ത് ഞാൻ കരയുന്നത് കുറവാണ്. ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു’’ -നിഷ്‌റിൻ വിതുമ്പി.

നരേന്ദ്ര മോദി അടക്കമുള്ളവർക്ക് നൽകിയ ക്ലീൻചിറ്റ് ശരിവെച്ചുള്ള സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെ ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികൾ മോചിപ്പിക്കപ്പെട്ടത് ആളുകളുടെ മനസ്സാക്ഷിയെ ഉണർത്തുമെന്ന് നിഷ്‌റിൻ പ്രതീക്ഷിക്കുന്നു. ആരും ഈ വിഷയം ഉയർത്തിക്കാട്ടുകയോ ഒരു നിലപാട് എടുക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു.


വംശഹത്യയോടെ ഉപേക്ഷിക്കപ്പെട്ട സാകിയയുടെ ഇരുനില വീട് ആകെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഗ്രില്ലുകൾ തുരുമ്പിച്ചു, കുറ്റിച്ചെടികൾ നിറഞ്ഞു. ഗുൽബർഗ് സൊസൈറ്റിയിലെ വീടുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്.

2002 ഫെബ്രുവരി 28ന് കലാപം പൊട്ടിപ്പുറപ്പെട്ട് അഹമ്മദാബാദിലുടനീളം അക്രമം രൂക്ഷമായതോടെ, കോൺഗ്രസ് നേതാവ് ഇഹ്‌സൻ ജാഫ്രി താമസിച്ചിരുന്ന ഗുൽബർഗ് സൊസൈറ്റി, സമീപപ്രദേശങ്ങളിലുള്ള മുസ്‌ലിം നിവാസികളുടെ അഭയകേന്ദ്രമായി മാറുകയായിരുന്നു. ഇഹ്‌സൻ ജാഫ്രിയുടെ രാഷ്ട്രീയ നിലയും പദവിയും സ്വാധീനവും കാരണം തങ്ങൾക്ക് സംരക്ഷണം ലഭിക്കും എന്നാണ് അവർ ചിന്തിച്ചത്. എന്നാൽ, ഗുൽബർഗ സൊസൈറ്റിയിൽ പ്രവേശിച്ച കലാപകാരികൾ 69 പേരെയാണ് കൊലപ്പെടുത്തിയത്. പലരുടെയും മൃതദേഹങ്ങൾ പോലും ഒരിക്കലും കണ്ടെത്തിയില്ല.

തങ്ങളുടെ കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാകിയയുടെ പണ്ടത്തെ അയൽവാസികളും അവിടെ എത്തിയിരുന്നു. അന്നേ ദിവസം കാണാതായ തന്‍റെ 10 വയസ്സുകാരൻ മകൻ അസ്ഹറിന്‍റെ ഓർമയിലാണ് 60കാരനായ ദാരാ മോദി ഗുൽബർഗിലെത്തിയത്. അസ്ഹർ എന്ന ബാലന് എന്ത് സംഭവിച്ചുവെന്ന് ഇന്നുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല.

നിഷ്ഠൂര സംഭവത്തിൽ കുറ്റക്കാരായ 66 പ്രതികളിൽ ആറു പേർ വിചാരണക്കിടെ മരിച്ചു. 2016ൽ 24 പേർ പ്രത്യേക വിചാരണ കോടതിയാൽ ശിക്ഷിക്കപ്പെട്ടു. 11 പേർക്ക് കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവാണ് ശിക്ഷ ലഭിച്ചത്. പ്രതികളുടെ അപ്പീൽ 2016 മുതൽ ഗുജറാത്ത് ഹൈകോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - Gulbarg Society massacre anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.