ഗുര്‍മെഹർ കൗർ എ.ബി.വി.പിക്കെതിരായ കാമ്പയിനിൽ നിന്നും പിന്മാറി

ന്യൂഡല്‍ഹി: കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്‍െറ മകള്‍ ഗുര്‍മെഹർ കൗർ എ.ബി.വി.പിക്കെതിരായ കാമ്പയിനിൽ നിന്നും പിന്മാറി.ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കൗർ ഇക്കാര്യം വ്യക്തമാക്കിയത്. 'സേവ് ഡൽഹി യുനിവേഴ്സിറ്റി' മാർച്ചിൽ പങ്കെടുക്കാൻ കൗർ വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. 

താൻ ആ കാമ്പയിനിൽ നിന്നും പിന്മാറുകയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. തന്നെ ഒറ്റക്ക് വിടാൻ അഭ്യർത്ഥിക്കുന്നു. താൻ പറ‍യാനുള്ളത് പറഞ്ഞുവെന്നും കൗർ വ്യക്തമാക്കി. കാമ്പയിൻ വിദ്യാർത്ഥികൾക്ക് വേണ്ടിയാണെന്നും തന്നിലേക്ക് കേന്ദ്രീകരിക്കരുതെന്നും മാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്നും അവർ വ്യക്തമാക്കി. തൻെറ ധൈര്യത്തെ ചോദ്യം ചെയ്യുന്നവരോട് തനിക്ക് സാധ്യമായതിനേക്കാൾ താൻ അത് പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൗർ പറഞ്ഞു. 

എ.ബി.വി.പിക്കെതിരായ ക്യാംപയിന് നേതൃത്വം നൽകിയതിൻെറ പേരിൽ ഡല്‍ഹി സര്‍വകലാശാല ശ്രീറാം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ കൗറിന് നേരെ കനത്ത സൈബർ ആക്രമണമാണ് നടന്നത്. കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി. തുടർന്ന് ഇന്നലെ കൗറിന് പൊലീസ് സംരക്ഷണം ലഭിച്ചിരുന്നു. ഗുര്‍മെഹറിനെ കളിയാക്കിയും വിമര്‍ശിച്ചും ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ ചിത്രവും ദാവൂദ് ഇബ്രാഹീമിന്‍െറ ചിത്രവും ചേര്‍ത്തുവെച്ച് ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

രാംജാസ് കോളജില്‍ നടന്ന എ.ബി.വി.പി ആക്രമണത്തിനെതിരെ വിദ്യാര്‍ഥിനി തുടങ്ങിവെച്ച കാമ്പയിനാണ് പ്രകോപനത്തിന് കാരണം. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്, എനിക്ക് എ.ബി.വി.പിയെ ഭയമില്ല, ഞാന്‍ ഒറ്റക്കല്ല, രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്’, തുടങ്ങിയ വരികള്‍ എഴുതിവെച്ച പോസ്റ്റുമായി നില്‍ക്കുന്ന ചിത്രം ഗുര്‍മെഹര്‍ വെള്ളിയാഴ്്ചയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലാണ് ഗുര്‍മെഹറിന്‍െറ പിതാവ് ക്യാപ്റ്റല്‍  മന്‍ദീപ്  സിങ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Gurmehar Kaur Pulls Out Of Protest March, Tweets 'This Is All I Can Take'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.