ഗ്യാൻ വാപി മസ്ജിദ്: ബി.ജെ.പി കുത്തിപ്പൊക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂർച്ചയുള്ള ഒരായുധമാക്കാനാണെന്ന്-മുസ്‍ലീം ലീഗ്

ഗ്യാൻ വാപി മസ്ജിദ് പ്രശ്നം ബി.ജെ.പി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂർച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്ന് മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസമദ് സമദാനി എം. പി എന്നിവർ ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നീക്കത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികൾ അതിനെ ഒന്നിച്ച് എതിർക്കണം. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാക്കൾ ഈ പ്രശ്നം സംബന്ധിച്ച് പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടിയാണിപ്പോൾ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമല്ല മറ്റൊരു ബാബരി മസ്ജിദ് പ്രശ്നം ആവർത്തിക്കുവാനുള്ള കോപ്പ് കൂട്ടുകയാണ് ബി.ജെ.പി ചെയ്യുന്നത് .

ഇത് 1991 ൽ പാർലിമെന്റ് പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന് വിരുദ്ധമാണ്. 1947 ആഗസ്റ്റ് 15ന് ഓരോ സമുദായത്തിന്റെയും കൈവശം ഉണ്ടായിരുന്ന ആരാധനാലയങ്ങൾ അത് കോട്ടം വരാതെ ഭാവിയിൽ നില നിൽക്കുന്നതാണെന്ന അടിസ്ഥാന തത്വമാണ് ആ നിയമത്തിൽ പറഞ്ഞിട്ടുള്ളത് . ഇന്ത്യയിൽ മേലിൽ യാതൊരു വിധ തർക്കവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവന്നത്. ഇപ്പോൾ ബി.ജെ.പിയെ അനുകൂലിക്കുന്ന ഹർജിക്കാർ പറഞ്ഞിരിക്കുന്നത് ക്ഷേത്രം പൊളിച്ച തലസ്ഥാനത്താണ് പള്ളി നിർമ്മിച്ചതെന്നാണ്. അതുകൊണ്ട് അത് ഹിന്ദുമത ആചാര പ്രകാരമുള്ള പ്രതിഷ്ഠകൾക്കും ആരാധന കർമ്മങ്ങൾക്കും വിട്ടുകൊടുക്കണമെന്നാണ് പറയുന്നത്.

വർഷങ്ങളോളമായി നിലനിൽക്കുന്ന ഒരു സംവിധാനത്തെ പൊളിച്ചു അതുവഴി തങ്ങളുടെ ദുരുദ്ദേശം സാധിച്ചുകിട്ടാൻ വേണ്ടി ഗവണ്മെന്റിന്റെ സഹായം തേടുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ അവിടെ സർവ്വേ നടത്തുവാനുള്ള അനുവാദം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നൽകിയി ഉത്തരവ് നൽകുകയാണ് കോടതി ചെയ്തിട്ടുള്ളത്. ആ ഉത്തരവിന് വഴിവെക്കുന്നതാകട്ടെ ഗവണ്മെന്റ് ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ഉള്ള നിയമത്തിൽ വെള്ളം ചേർക്കാനും വീണ്ടും അത് പ്രശ്നമാക്കികൊണ്ടുവരാനും ഇത്തരക്കാർക്ക് സൗകര്യം ചെയ്തു കൊടുക്കുകയാണ്. മുസ്ലിം ലീഗ് ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യത്തിൽ തുടർന്ന് നിയമ നടപടി യെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

മുസ്ലിം ലീഗ് ഏത് കാലത്തും മത സൗഹാർദ്ദത്തിന്റെ പക്ഷത്ത് നില ഉറപ്പിച്ച പാർട്ടിയാണ്. അതെ സമയം ഏതൊരു മതത്തിന്റെയും അടിസ്ഥാന കാര്യങ്ങളിൽ ഇടപെട്ട് അസ്വാസ്ത്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനോട് യോജിച്ച് നിൽക്കുവാൻ കഴിയില്ലെന്ന് മാത്രമല്ല മുസ്ലിം ലീഗ് അതിനെ ശക്തമായി എതിർക്കും. ഇത്തരം കാര്യങ്ങളിൽ എല്ലാ മതേതര വിശ്വാസികളും ഉറച്ചു നിൽക്കണമെന്നും കൃത്യമായ ഒരു നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും ഇരു നേതാക്കളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Tags:    
News Summary - Gyan Vapi Masjid BJP uses electoral politics as a weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.