ന്യൂഡൽഹി: സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥമായ തെരഞ്ഞെടുപ്പു കമീഷനിൽ പുതിയ കമീഷണറാക്കിയ കേരള കേഡർ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ഉറ്റ ബന്ധം.
സുപ്രീംകോടതി വിധിക്കു പിന്നാലെ, ബാബരി മസ്ജിദ് പൊളിച്ച ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സർക്കാർ സ്ഥാപിക്കുന്നതിൽ ഗ്യാനേഷ് കുമാർ നിർണായക പങ്ക് വഹിച്ചു. ട്രസ്റ്റിന്റെ മേൽനോട്ടം പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രക്കായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിൽ ജമ്മു-കശ്മീർ ഡസ്കിന്റെ ചുമതല ഗ്യാനേഷ് കുമാർ വഹിച്ച 2019ലാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞ് സംസ്ഥാനം മോദി സർക്കാർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായിരിക്കേയാണ് ഗ്യാനേഷ് കുമാർ വിരമിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് സഹകരണ വകുപ്പിന്റെയും മന്ത്രി.
ഉൽപൽകുമാർ സിങ്, പ്രദീപ്കുമാർ ത്രിപാഠി, ഗ്യാനേഷ് കുമാർ, ഇന്ദേവർ പാണ്ഡെ, സുഖ്ബീർസിങ് സന്ധു, സുധീർ കുമാർ ഗംഗാധർ രഹാതെ എന്നീ പേരുകൾ അടങ്ങിയ ചുരുക്കപ്പട്ടികയാണ് തെരഞ്ഞെടുപ്പു കമീഷണർ നിയമനത്തിൽ സമിതി പരിഗണിച്ചത്. 212ൽ നിന്ന് ആറു പേരുടെ പട്ടിക തയാറാക്കിയതിന്റെ മാനദണ്ഡം വ്യക്തമല്ല.
മൂന്നംഗ സമിതിയിൽ ഒന്നിനെതിരെ രണ്ടു പേരുടെ നിർദേശം നടപ്പായി. മിനിട്ടുകൾമാത്രം നീണ്ട സമിതിയോഗം ഔപചാരികം മാത്രമായി. ഗ്യാനേഷ് കുമാർ കേരളത്തിൽ വിവിധ പദവികൾ വഹിച്ചതിനു പുറമെ ഡൽഹിയിലെ കേരള ഹൗസിൽ റസിഡന്റ് കമീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. പല തീരുമാനങ്ങളും എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.