വാരാണസി: ഗ്യാൻവ്യാപി പള്ളിപരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ശാസ്ത്രീയ സർവേ തുടങ്ങി. കാശി വിശ്വനാഥ ക്ഷേ ത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്ര അവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണോ എന്ന് നിർണയിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. കനത്ത സുരക്ഷ വലയത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സർവേ ആരംഭിച്ചത്. 43 അംഗങ്ങളടങ്ങിയ സംഘമാണ് സർവേ നടത്തുന്നത്.
ജുമുഅ നമസ്കാരത്തിനായി ഉച്ചക്ക് 12 മുതൽ രണ്ടുവരെ നടപടികൾ നിർത്തിവെച്ചു. രണ്ടുമണിക്ക് സർവേ പുനരാരംഭിച്ചു. പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹിന്ദു ഹരജിക്കാരുടെ പ്രതിനിധികളും മസ്ജിദ് കോംപ്ലക്‌സിൽ ഹാജരായിരുന്നു.
അതേസമയം, അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സർവേ ബഹിഷ്‍കരിച്ചു. എ.എസ്.ഐയെ അനുഗമിക്കേണ്ട കമ്മിറ്റി പ്രതിനിധികൾ സംഘത്തിൽനിന്ന് വിട്ടുനിന്നു. സർവേക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനാൽ മുസ്‍ലിം പക്ഷത്തെ അഭിഭാഷകർ സർവേയിൽ പങ്കെടുത്തില്ലെന്ന് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസിൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതുവരെ സർവേ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് കത്ത് അയച്ചിരുന്നു. എന്നാൽ, പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി കമ്മിറ്റി യോഗം ചേർന്ന് സർവേയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.