അലഹബാദ്: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) നടത്തുന്ന ശാസ്ത്രീയ സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൃപ്തിയില്ലെന്ന് അലഹബാദ് ഹൈകോടതി. സർവേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങളുണ്ടെന്നും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് പ്രീതികർ ദിവാകർ നിർദേശം നൽകി. കൂടാതെ, ഇന്ന് വൈകിട്ട് നാലര മണിക്ക് മുമ്പ് ഏതുതരം സർവേകളാണ് നടത്തുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഹൈകോടതി ഉത്തരവിട്ടു.
സർവേ ഉത്തരവിന്‍റെ മറവിൽ പള്ളിയുടെ വിവിധ ഭാഗങ്ങളിൽ ഖനനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി. ഖനനം വഴി പള്ളിക്ക് കേടുപാടുകൾ സംഭവിക്കാനും തകർന്നു വീഴാനും കാരണമാകും. നിലവിലെ തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാത്രമേ ശാസ്ത്രീയ പരിശോധന നിർദേശിക്കാനും ജില്ല കോടതിക്ക് സാധിക്കൂ. നാലു സ്ത്രീകളുടെ ആവശ്യം മാത്രം പരിഗണിച്ചാണ് സർവേക്ക് ജില്ലാ കോടതി ഉത്തരവിട്ടതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വാരാണസി ജില്ല കോടതി നിർദേശം നൽകിയത്. മുഗൾ കാലഘട്ടത്തിലെ പള്ളി നിർമിച്ചത് ക്ഷേത്രഭൂമിയിലാണോ എന്നകാര്യം അറിയാൻ പരിശോധന വേണമെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
ജില്ല കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് ഗ്യാൻവാപി പള്ളിയിൽ എ.എസ്.ഐ ഉദ്യോഗസ്ഥർ ശാസ്ത്രീയ സർവേ തുടങ്ങുകയും ചെയ്തു. എന്നാൽ, ജില്ല കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് സർവേ ഇന്ന് വൈകിട്ട് അഞ്ച് മണിവരെ താൽകാലിക സ്റ്റേ ചെയ്ത സുപ്രീംകോടതി, ഹരജിക്കാരോട് ഹൈകോടതിയെ സമീപിക്കാൻ നിർദേശവും നൽകി.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളി നിർമിച്ചത് ക്ഷേത്രത്തിനു മുകളിലാണോ എന്ന കാര്യത്തിൽ തീർച്ച വരുത്താൻ ആവശ്യമെങ്കിൽ ഖനനവും നടത്താം. സർവേ നടപടികളുടെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടുത്തി ആഗസ്റ്റ് നാലിനകം എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് നിർദേശിച്ചു.
പള്ളിയുടെ മൂന്ന് മിനാരങ്ങൾക്ക് താഴെ ഭൂമിക്കടിയിലുള്ള സംഗതികൾ വ്യക്തമാകാൻ ഉപകരിക്കുന്ന ‘ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ’ (ജി.പി.ആർ) സർവേ നടത്താനും കോടതിയുടെ പ്രത്യേക നിർദേശമുണ്ട്. അതേസമയം, വിഷയത്തിൽ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച്, ഹിന്ദു വിഭാഗത്തിലെ പരാതിക്കാർ ശിവലിംഗമുണ്ടെന്ന് പറയുന്ന ‘വുദുഖാന’യിൽ സർവേ ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.