ഗ്യാൻവാപി: നിലവറയുടെ താക്കോൽ കൈമാറണമെന്ന ഹരജി 29ന് പരിഗണിക്കും

വാരാണസി: ഗ്യാൻവാപി മസ്ജിദിന്റെ നിലവറയുടെ താക്കോൽ വാരാണസി ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്ന ഹരജിയിൽ വാദം കേൾക്കുന്നത് കോടതി നവംബർ 29ലേക്ക് മാറ്റി. മുതിർന്ന അഭിഭാഷകന്റെ നിര്യാണത്തെ തുടർന്ന് കോടതിയിലെ കേസുകളിൽ വെള്ളിയാഴ്ച വാദമുണ്ടായിരുന്നില്ല.

‘വ്യാസ്ജി കാ തെഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ അധികൃതർ അടച്ചിട്ടതായി പരാതിക്കാരനായ വിജയ് ശങ്കർ റസ്തോഗി ഹരജിയിൽ പറഞ്ഞിരുന്നു.

ഇതിനു മുമ്പ് നിലവറ പൂജാരിയായ സേംനാഥ് വ്യാസ് ആരാധനക്ക് ഉപയോഗിച്ചിരുന്നതായും ഹരജിയിലുണ്ട്. താക്കോൽ മജിസ്ട്രേറ്റിന് കൈമാറിയില്ലെങ്കിൽ നിലവറയിലെ വസ്തുക്കൾ കേടുവരുത്താൻ ഇടയുണ്ടെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു.

സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടി

ന്യൂഡൽഹി: ആം ആദ്മി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം ഡിസംബർ നാലുവരെ സുപ്രീംകോടതി നീട്ടി. നാലു കമ്പനികൾ കള്ളപ്പണം വെളുപ്പിച്ചതിന് സത്യേന്ദർ ജെയിനിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം മേയ് 30നാണ് ഇദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ വെള്ളിയാഴ്ച ഹാജരാകാത്തതിനാൽ ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചാണ് കേസ് ഡിസംബർ നാലിലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചത്. അഴിമതി നിരോധന നിയമപ്രകാരം 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ജെയിനിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Gyanvapi masjid: Hearing on handing over basement to DM deferred to next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.