ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നുമുള്ള ആവശ്യത്തിൽ രേഖകൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. മസ്ജിദിൽ സർവേ നടത്താൻ അനുവദിച്ചു സിവിൽ കോടതി ഉത്തരവിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസിനെ കുറിച്ച് ധാരണയില്ലെന്നും, രേഖകൾ പരിശോധിച്ച ശേഷം ഹരജി ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിക്കുകയായിരുന്നു.
ആരാധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിയമപരിധിയില്‍ വരുന്ന പള്ളിയാണ് ഗ്യാൻവാപി. അവിടെ സര്‍വേ നടത്താന്‍ അനുമതി നല്‍കാനാവില്ല. എന്നാല്‍, കീഴ്കോടതി സര്‍വേക്കായി അഭിഭാഷക കമീഷനെ നിയമിച്ചിരിക്കുന്നു. ഇത് ശരിയായ നടപടിയല്ല. തല്‍സ്ഥിതി തുടരാന്‍ കോടതി അടിയന്തരമായി ഉത്തരവിടണമെന്നും അഭിഭാഷകന് വാദിച്ചു. അറിയാത്ത വിഷയത്തില്‍ എങ്ങനെ ഉത്തരവിടാന്‍ പറ്റുമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ആദ്യം കേസിന്റെ രേഖകള്‍ പരിശോധിക്കട്ടെ എന്ന് അറിയിക്കുകയായിരുന്നു.
ഗ്യാൻവാപി പള്ളി കോംപ്ലക്സിൽ വിഡിയോ സർവേക്ക് നിയോഗിച്ച അഭിഭാഷക കമീഷനെ മാറ്റാൻ കഴിഞ്ഞ ദിവസം സിവിൽ കോടതി വിസമ്മതിച്ചിരുന്നു. മേയ് 17നകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി അഭിഭാഷക കമീഷന് നിർദേശം നൽകുകയുണ്ടായി. ഇതിന് പിന്നാലെയാണ് പള്ളി പരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ, വിഡിയോ സർവേ ശനിയാഴ്ച തുടങ്ങുമെന്ന് ജില്ല മജിസ്ട്രേറ്റും സർവേയുമായി സഹകരിക്കുമെന്ന് മസ്ജിദ് കമ്മിറ്റിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.