ന്യൂഡൽഹി: തങ്ങൾ നടത്തുന്ന സർവേകൊണ്ട് വാരാണസി ഗ്യാൻവാപി പള്ളിക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈകോടതിയിൽ ബോധിപ്പിച്ചു. പുരാവസ്തു വകുപ്പിന്റെ ഈ അവകാശവാദത്തിന് മറുപടി നൽകാൻ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിക്ക് ഒരു ദിവസത്തെ സമയം നൽകി സർവേക്കുള്ള സ്റ്റേ ഹൈകോടതി വ്യാഴാഴ്ചവരെ നീട്ടി.
ഈ മാസം 21നാണ് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടത്. സർവേ 26ന് വൈകീട്ട് അഞ്ചുമണി വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആ സ്റ്റേയാണ് വ്യാഴാഴ്ച 3.30 വരെ അലഹാബാദ് ഹൈകോടതി നീട്ടിയത്.
അലഹബാദ് ഹൈകോടതിയിൽ നേരിട്ട് ഹാജരായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അഡീഷനൽ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുരാവസ്തു വകുപ്പ് നടത്തുന്ന സർവേകൊണ്ട് ഗ്യാൻവാപി മസ്ജിദിന്റെ കെട്ടിടത്തിന് ഒരു തകരാറുമുണ്ടാക്കില്ലെന്ന് ബോധിപ്പിച്ചു. സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അഡീഷനൽ ഡയറ ക്ടർതന്നെയാണ് കോടതിയിൽ വായിച്ചത്.
ജി.പി.ആർ (ഗ്രൗണ്ട് പെനിറ്റ്റേറ്റിങ് റഡാർ) രീതി ഉപയോഗിച്ച് നടത്തുന്ന സർവേകൊണ്ട് പള്ളിയുടെ കെട്ടിടത്തിന് ഒരു തകരാറും സംഭവിക്കില്ലെന്ന് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ബോധിപ്പിച്ചുവെങ്കിലും പള്ളി പരിസരത്ത് പുരാവസ്തു വകുപ്പ് നടത്താനിരിക്കുന്ന സർവേ പ്രവൃത്തിയിൽ സംശയമുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ എ.എസ്.ഐ ഉദ്യേഗസ്ഥനോട് നേരിട്ട് കോടതിയിൽ വിളിച്ച് വരുത്തിയത്.
ക്ഷേത്രമാണെന്നതിന് തങ്ങളുടെ പക്കൽ തെളിവില്ലെന്ന് പറഞ്ഞ ഹിന്ദു യുവതികൾ തങ്ങളുടെ അവകാശ വാദത്തിന് കോടതി മുഖേന തെളിവുണ്ടാക്കാനാണ് സർവേക്ക് ഹരജി സമർപ്പിച്ചതെന്ന് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഫ്.എസ്.എ നഖ്വി ബോധിപ്പിച്ചു.
പുരാവസ്തു വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലം പഠിച്ച് മറുപടി നൽകാൻ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് സമയം നൽകി വ്യാഴാഴ്ച മൂന്നര മണിക്ക് കേസ് വീണ്ടും പരിഗണിക്കാനായി അലഹബാദ് ഹൈകോടതി നീട്ടിവെച്ചു. അതുവരെ സർവേക്കുള്ള സുപ്രീംകോടതിയുടെ സ്റ്റേ തുടരുമെന്നും ഹൈകോടതി വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഒമ്പതര മണിക്ക് തുടങ്ങിയ വിശദ വാദം വൈകീട്ട് നാലരവരെ തുടർന്നു.
ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ സർവേക്കെതിരെ നൽകിയ ഇടക്കാല അപേക്ഷ തീർപ്പാക്കുന്നതിന് പകരം അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ മുഖ്യഹരജി തീർപ്പാക്കിയതായി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി തിരുത്തി. പള്ളി കമ്മിറ്റിയുടെ അഭിഭാഷകനായ ഹുസൈഫ് അഹ്മദി ബുധനാഴ്ച ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിരുത്തിയത്.
ആരാധനാലയ നിയമ പ്രകാരം 1500 വർഷം പഴക്കമുള്ള പള്ളിക്ക് മേൽ അവകാശവാദം ഉന്നയിക്കാനാവില്ലെന്നും ഹിന്ദു സ്ത്രീകൾ ആരാധന അനുവദിക്കാൻ സമർപ്പിച്ച ഹരജി തള്ളണമെന്നും ബോധിപ്പിച്ചായിരുന്നു മുഖ്യഹരജി. അത് തീർപ്പാക്കാതെ കിടക്കുന്നതിനിടയിലാണ് ഗ്യാൻവാപി പള്ളിയുണ്ടാക്കിയത് ക്ഷേത്രത്തിന് മുകളിലാണോ എന്നറിയാൻ സർവേ നടത്തണമെന്ന വാരാണസി കോടതിവിധി വന്നത്. തുടർന്നാണ് ആ വിധിക്കെതിരെ പള്ളി കമ്മിറ്റി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്ന മുഖ്യഹരജിയിൽ ഇടക്കാല അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.