വാഷിങ്ടൻ: ന്യൂജേഴ്സിയിലെ ദന്ത ഡോക്ടർ ദമ്പതികളായ മാനസി വാസവദയും നന്ദൻ ബുച്ചും ശരിക്കൊന്ന് ഉറങ്ങിയിട്ട് നാളുകളേറെയായി. ജോലി ഭാരം കൂടിയതിന്റെ സമ്മർദം അല്ല, ജോലി ഇല്ലാതാകുന്നതിന്റെ സമ്മർദമാണ് ഇൗ ഇന്ത്യൻ ദമ്പതിക ളുടെ ഉറക്കം കെടുത്തുന്നത്. കോവിഡ് കാലം അമേരിക്കയിലുള്ള എച്ച് -1ബി വിസയിലുള്ളവർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
മാനസി വാസവദ-നന്ദൻ ബുച്ച് ദമ്പതികൾ ഒാരോ ദിവസവും ഭീതിയോടെയാണ് കഴിഞ്ഞ് പോകുന്നത് . രണ്ട് വർഷമായി ഡൻറിസ്റ്റായി ജോലി ചെയ്യുന്ന മാനസി വാസവദക്ക് അമേരിക്കയിൽ തുടരാനുള്ള സമയ പരിധി മെയ് പകുതി വ രെ മാത്രമാണ്. അതായത് ഇനി രണ്ടാഴ്ച മാത്രം. എച്ച് -1ബി വിസയിലുള്ളവർ രണ്ട് മാസത്തിലധികം വരുമാനമില്ലാതെ അമേരി ക്കയിൽ തുടരരുതെന്ന നിയമമാണ് ഇവർക്ക് വിനയായത്. കോവിഡ് പ്രതിസന്ധി കാരണം മാർച്ച് പകുതിയിൽ നിലച്ച് പോയത ാണ് അവരുടെ ജോലി. മെയ് പകുതിക്കകം മറ്റൊരു ജോലി ലഭിച്ചില്ലെങ്കിൽ അവർ രാജ്യം വിടേണ്ടി വരും. കോവിഡ് വ്യാപനത്തിൽ സർവവും നിലച്ച് പോയ രാജ്യത്ത് എങ്ങനെയാണ് മറ്റൊരു ജോലി കണ്ടെത്തുകയെന്നത് ഇവരെ കുഴക്കുന്നു. നന്ദൻ ബുച്ചിന്റെ എച്ച് -1ബി വിസയുടെ കാലാവധി ജൂണിൽ അവസാനിക്കുകയും ചെയ്യും.
31കാരിയായ മാനസി വാസവദയെയും നന്ദൻ ബുച്ചിനെയും പോലെ നിരവധി പേരാണ് അമേരിക്കയിൽ തൊഴിൽ നഷ്ടം ഭയന്ന് കഴിയുന്നത്. വിമാനവിലക്കുള്ള ഇന്ത്യയിലേക്ക് ഇവർക്ക് ഇപ്പോൾ മടങ്ങാനാകില്ല എന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല, പലരും വിദ്യാഭ്യാസ വായ്പയടക്കം വലിയ ബാധ്യതകളുള്ളവരുമാണ്. മാനസി-നന്ദൻ ദമ്പതികൾക്ക് മാത്രം 5.2 ലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുണ്ട്. മടങ്ങിയെത്തിയാൽ ഇന്ത്യയിലെ വരുമാനം കൊണ്ട് അടച്ചുതീർക്കാനാകുന്നതിലും വലിയ ബാധ്യതയാണത്. ‘ഇപ്പോൾ ഒന്നിനും വ്യക്തതയില്ല, ചുറ്റും ഇരുട്ട് മാത്രം. എല്ലാ എവിടെച്ചെന്ന് അവസാനിക്കുമെന്ന് അറിയില്ല.’– മാനസി പറയുന്നു.
വാഷിങ്ടൻ ആസ്ഥാനമായ ഇമിഗ്രേഷൻ പോളിസി അനലിസ്റ്റായ ജെറമി ന്യൂഫെൽഡ് പറയുന്നതനുസരിച്ച്, അമേരിക്കയിൽ ഗ്രീൻ കാർഡിന് അപേക്ഷിച്ചിരിക്കുന്ന രണ്ടര ലക്ഷത്തിലധികം എച്ച്-1ബി വിസ ഉടമകളിൽ രണ്ടു ലക്ഷത്തിലധികം പേരുടെ കാലാവധി ഈ ജൂണോടെ അവസാനിക്കും. ഇതോടെ ഇവർക്ക് രാജ്യത്ത് തുടരാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെടും. അവർ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകും. എച്ച്-ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എങ്കിലും കൃത്യമായ കണക്ക് വർഷംതോറും വ്യത്യാസപ്പെടുമെന്ന് ജെറമി പറയുന്നു.
രണ്ടു മാസത്തിനുള്ളിൽ ദശലക്ഷ കണക്കിന് അമേരിക്കൻ പൗരന്മാർക്കാണ് ജോലി നഷ്ടപ്പെട്ടത്. എന്നാല്‍ ഇവർക്ക് തൊഴിൽ കണ്ടെത്താൻ യഥേഷ്ടം സമയമുണ്ട്. എച്ച്-1ബി വിസ ഉടമയുടെ ജോലി നഷ്ടപ്പെട്ടാൽ 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്തി വിസ പുതുക്കണം. അല്ലെങ്കിൽ രാജ്യം വിടണം.
വിസ പ്രശ്നം വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ബൗണ്ട്‌ലെസ് ഇമിഗ്രേഷൻ എന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ ഡഗ് റാൻഡ് പറയുന്നു. നേരത്തെ, ഒബാമ ഭരണകൂടത്തിന്റെ കുടിയേറ്റ നയം രൂപപ്പെടുത്തുന്നതിൽ ചേർന്ന് പ്രവർത്തിച്ചയാളാണ് ഡഗ് റാൻഡ്. ‘എച്ച്-1ബി വിസ ഉടമകളിൽ ഭൂരിഭാഗം പേരുടേയും കുടുംബവും അവർക്കൊപ്പമുണ്ട്. പലപ്പോഴും ഇവരുടെ ജോലിയെ മാത്രം ആശ്രയിച്ചാണ് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത്. അതുകൊണ്ടുതന്നെ ഇതു വലിയ സാമൂഹിക പ്രശ്നമാണ്’ – റാൻഡ് പറഞ്ഞു.
വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആപ്പിൾ, ആമസോൺ, ഫെയ്സ്ബുക്, ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾ അംഗങ്ങളായ ടെക്നെറ്റ് സംഘടന ഏപ്രിൽ 17ന് സർക്കാറിന് കത്ത് നൽകിയിരുന്നു. ഇവർക്കു ജോലി ചെയ്യാനുള്ള അനുമതി സെപ്റ്റംബർ 10 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. അനുമതി ലഭിച്ചില്ലെങ്കിൽ ലക്ഷക്കണക്കിനു വരുന്ന ഒഴിവുകൾ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ആരോഗ്യ രംഗത്തു ഉൾപ്പെടെ സാങ്കേതിക പ്രവർത്തകരുടെ സഹായം അത്യാവശ്യം വേണ്ട സാഹചര്യമാണിതെന്നും കത്തിൽ പറയുന്നു.
എന്നാൽ ട്രംപ് ഭരണകൂടം കത്തിനു ഇതുവരെ മറുപടി നൽകിയിട്ടില്ല. ഏപ്രിൽ 23നാണ് യു.എസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിൽ നിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചത്. കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് 60 ദിവസത്തേക്കുള്ള ഈ നിരോധനമെന്നും അതിനുശേഷം പുനഃപരിശോധിക്കുമെന്നുമായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.