ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ പരിഹരിസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. സംഭവത്തിൽ മോദി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് സിബൽ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലിന്‍റെ പ്രതികരണം.
'മോദിജി, നിങ്ങൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു. നിങ്ങളിൽനിന്ന് ഒരു സഹതാപം മാത്രമാണ് ഞങ്ങൾക്ക് ആവശ്യം. അതത്ര പ്രയാസകരമായ കാര്യമല്ല. നിങ്ങൾ പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കും? ഞങ്ങളോട് പറയൂ...' -കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.
യു.പിയിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കാർ ഒടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ മകനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിക്കാൻ തയാറായിരുന്നില്ല.
പ്രതിപക്ഷമായ കോൺഗ്രസ് ലഖിംപൂർ ഖേരി വിഷയം ആളിക്കത്തിക്കുകയും ചെയ്തിരുന്നു. യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിനെതിരെയും കേന്ദ്രസർക്കാറിനെതിരെയുമായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും ആശിഷ് മിശ്രയുടെ അറസ്റ്റും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആശിഷ് മിശ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ യു.പി പൊലീസ് ആവശ്യെപ്പട്ടിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.