ന്യൂഡൽഹി: ഹാദിയ-ഷെഫിൻ ജഹാൻ വിവാഹത്തിനെതിരായ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം റദ്ദു ചെയ്തുള്ള ഹൈകോടതി വിധിക്കെതിരെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. ഹാദിയ സ്വതന്ത്രയാണെന്നും അവർക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹാദിയ പ്രകടിപ്പിച്ച ആഗ്രഹത്തിനപ്പുറം ഇക്കാര്യത്തിൽ കോടതിക്ക് ഒന്നും തീരുമാനമെടുക്കാനില്ല. അവരെ ആരുടെയെങ്കിലും കൂടെ ജീവിക്കാൻ കോടതിക്ക് നിർബന്ധിക്കാനാവില്ല. ഹാദിയക്ക് പഠനം പൂർത്തിയാക്കാമെന്നും ഡിവിഷൻ ബെഞ്ച് വിധി ന്യായത്തിൽ വിശദീകരിക്കുന്നു. ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം റദ്ദാക്കാൻ ഹൈകോടതിക്ക് അധികാരമില്ല. ഭരണഘടനയുടെ 227ാം അനുഛേദ പ്രകാരം വിവാഹം റദ്ദാക്കാൻ സാധിക്കില്ല. വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള തീരുമാനമാണ്. അതിൽ മൂന്നാമത് ഒരാൾക്ക് ഇടപെടാനാവില്ല. പ്രായപൂർത്തിയായ ഒരാൾ വിവാഹം കഴിക്കാൻ എടുത്ത തീരുമാനത്തെ ബഹുമാനിക്കേണ്ടതാണ്. അതിനാൽ, വിവാഹ വിഷയത്തിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹാദിയയുടെ വിവാഹം ഒഴിച്ച് ഭർത്താവ് ഷെഫിൻ ജഹാനെതിരായ കേസുകളിൽ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീർച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.വിവാഹം ഒഴികെയുള്ള വിഷയങ്ങളിൽ എൻ.ഐ.എക്ക് അന്വേഷണം തുടരാം. തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫിൻ ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാം.കുറ്റക്കാരെങ്കിൽ ഷെഫിൻ ജഹാൻ അടക്കം ഉള്ളവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
കേസിൽ കോടതി പൂർണവിധി പുറപ്പെടുവിച്ചിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഹാദിയയുടെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. ഷെഫിൻ ജഹാൻ തീവ്രവാദിയാണെന്ന കേസിൽ വിധി വരാനുണ്ട്. തട്ടിക്കൂട്ട് വിവാഹമാണെന്ന കാര്യം കോടതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അശോകൻ വ്യക്തമാക്കി.
ഇന്നത്തെ സുപ്രീംകോടതി വിധിയോടെ ഹാദിയ കേസ് അവസാനിച്ചെന്ന് ഷെഫിൻ ജഹാന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. ഹാദിയക്കും ഷെഫിനും എവിടെ പോകാനും കുടുംബ ജീവിതം നയിക്കാനും പൂർണ സ്വാതന്ത്രമുണ്ട്. ക്രിമിനൽ വശങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം തുടരാമെന്നാണ് എൻ.ഐ.എയോട് കോടതി പറഞ്ഞത്. എൻ.ഐ.എ നിയമത്തിൽ വരുന്ന കാര്യങ്ങളിൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂ. ഇതിന് കോടതിയുടെ അനുമതി തേടേണ്ട ആവശ്യം എൻ.ഐ.എക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.