ഹൽദ്വാനി സംഘർഷം പെട്ടെന്ന് ഉണ്ടായതല്ലെന്ന് വസ്തുതാന്വേഷണസംഘം റിപ്പോർട്ട്

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഈ മാസം എട്ടിന് ആറുപേർ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘർഷവും പെട്ടെന്ന് ഉണ്ടായതല്ലെന്ന് വസ്തുതാന്വേഷണസംഘം റിപ്പോർട്ട്. വർഷങ്ങളായി ബി.ജെ.പി സർക്കാറും തീവ്രവലതുപക്ഷ സംഘടനകളും നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കൽ നടപടികളുടെയും തുടർച്ചയാണ് ഫെബ്രുവരി 8ന് ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ നടന്ന അക്രമസംഭവമെന്ന് റിപ്പോർട്ടിൽ പറഞ്ഞു.


അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR), കരവാൻ-ഇ-മൊഹബത്ത്, പൗരാവകാശ പ്രവർത്തകൻ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്ന പൗര വസ്തുതാന്വേഷണ സംഘം ഫെബ്രുവരി 14ന് ഹൽദ്വാനി സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രദേശവാസികൾ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അഭിഭാഷകർ, പേരുവെളിപ്പെടുത്താത്ത ഏതാനും പേർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി ലഭിച്ച വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മതന്യൂനപക്ഷങ്ങളെ ഒഴിവാക്കി ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ പുണ്യഭൂമിയാക്കി മാറ്റാനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നുണ്ട്. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വ്യാപാർ ജിഹാദ്, മസാർ ജിഹാദ് തുടങ്ങി മുസ്‍ലിംകൾക്കെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കിയ മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപടികളും, സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്‌കരണങ്ങൾ, കുടിയൊഴിപ്പിക്കൽ ഭീഷണികൾ എന്നിവയും വർഗീയ വിവേചനത്തിന് ആക്കം കൂട്ടി.

വീടുകളും കടകളും ഒഴിപ്പിക്കലും സംസ്ഥാനം വിട്ടുപോകാനുള്ള ഭീഷണികളും വ്യാപകമായിരുന്നു. ജിഹാദുകൾക്കുമെതിരെ തന്റെ സർക്കാർ ഏറ്റവും ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചു. 3000 മസാറുകൾ (ദർഗകൾ) നശിപ്പിച്ചത് തന്റെ സർക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചു. അതേസമയം വനത്തിലും സർക്കാർ ഭൂമിയിലും അനധികൃതമായി നിർമിച്ച ഹിന്ദുമത ആരാധനാലയങ്ങൾക്കെതിരെ സർക്കാർ മൗനം പാലിച്ചു -റിപ്പോർട്ടിൽ പറയുന്നു.


ഗണ്യമായ മുസ്‍ലിം ജനസംഖ്യയുള്ള ഹൽദ്വാനിയിൽ നേരത്തെ തന്നെ ചെറിയ വർഗീയ സംഘർഷങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പതിനായിരക്കണക്കിന് മുസ്‍ലിംകൾ താമസിക്കുന്ന സ്ഥലത്തിന് ഇന്ത്യൻ റെയിൽവേയുടെ അവകാശവാദങ്ങളെച്ചൊല്ലി നീണ്ട തർക്കം ഉടലെടുത്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങളും ഉയർന്നുവന്നു. ഏറ്റവും ഒടുവിൽ സോഫിയ മാലിക്കിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം ആറ് ഏക്കർ സ്ഥലത്ത് നടന്ന കുടിയൊഴിപ്പിക്കലാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്.

ഫെബ്രുവരി 8 ന് വൈകുന്നേരംവരെ പ്രദേശം താരതമ്യേന ശാന്തമായിരുന്നു. കോടതിയിൽ കേസ് നടക്കുന്ന മസ്ജിദും മദ്റസയും പൊലീസ് അകമ്പടിയോടെ മുനിസിപ്പൽ ഉദ്യോഗസ്ഥർ പൊളിക്കാൻ എത്തിയതാണ് പ്രകോപനം സൃഷ്ടിച്ചത്. ബുൾഡോസറുകൾ തടയാൻ നിന്ന സ്ത്രീകളെ പൊലീസ് ബലമായി നീക്കം ചെയ്യുകയും മർദിക്കുകയും ചെയ്തതും പൊളിക്കുന്നതിന് മുമ്പ് പള്ളിയിലെ ഖുർആൻ അടക്കമുള്ള പുണ്യവസ്തുക്കൾ കൈമാറാൻ വിസമ്മതിച്ചതും രോഷത്തിന് ആക്കം കൂട്ടി. തുടർന്നുണ്ടായ അക്രമത്തിൽ ഇരുവിഭാഗവും കല്ലേറ് നടത്തുകയും സംഘർഷാവസ്ഥ രൂക്ഷമാകുകയും ചെയ്തു.

അക്രമം അതിവേഗം വ്യാപിച്ചു. ജനക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് സ്റ്റേഷന്റെ ചില ഭാഗങ്ങൾ കത്തിച്ചു. വെടിവയ്പ്പിലൂടെയാണ് പൊലീസ് പ്രതികരിച്ചത്. എപ്പോഴാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും വെടിവെക്കാനുള്ള ഉത്തരവ് നൽകിയെന്നതും സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗികമായി ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

വെടിവെപ്പിന് ശേഷം ഏകദേശം 300 ഓളം വീടുകളിൽ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള താമസക്കാരെ മർദിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവാക്കളും സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ നിരവധി വ്യക്തികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കർഫ്യൂവും ഇൻറർനെറ്റ് വിലക്കും സഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. ഇതുമൂലം യഥാർഥ വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ പോലും കഴിയു​ന്നില്ലെന്ന് നാട്ടുകാർ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു.

Tags:    
News Summary - Haldwani violence result of steady rise in communal tensions in Uttarakhand: Fact-finding report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.