ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് യാത്രചെയ്യുന്നവരുടെ ഹാൻഡ്ബാഗിൽ ഇനി ‘സെക്യൂരിറ്റി ചെക്ക്ഡ്’ എന്ന സ്റ്റിക്കർ പതിക്കില്ല. ഹാൻഡ്ബാഗ് ടാഗ് സ്റ്റാമ്പിങ് സംവിധാനം കോയമ്പത്തൂർ, ഇൻഡോർ, വഡോദര വിമാനത്താവളങ്ങളിലും നിർത്തലാക്കി. ഇതു സംബന്ധിച്ച് ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നൽകി.
ബാഗ് ഏത് കൗണ്ടറിലാണ് സ്ക്രീൻ ചെയ്തത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടുപിടിക്കാനാണ് സ്റ്റാമ്പിങ്. ലഗേജുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുരക്ഷ പ്രശ്നമുണ്ടായാൽ സ്ക്രീനിങ് നടന്ന കൗണ്ടറും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും കണ്ടുപിടിക്കാൻ അധികൃതർക്ക് എളുപ്പത്തിൽ സാധിക്കും. എന്നാൽ, വിമാനത്താവളങ്ങളിൽ എല്ലായിടത്തും കാമറകൾ സ്ഥാപിച്ചതോടെ സ്റ്റാമ്പിങ് ഇല്ലാതെത്തന്നെ ഇത് കണ്ടുപിടിക്കാം. ഇൗ സാഹചര്യത്തിലാണ് തീരുമാനം.
നേരത്തേ, രാജ്യത്തെ 13 വിമാനത്താവളങ്ങളിൽ ഹാൻഡ്ബാഗ് സ്റ്റാമ്പിങ് നിർത്തലാക്കിയിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് മറ്റിടങ്ങളിലും നടപ്പാക്കുന്നത്. നെടുമ്പാശ്ശേരി, തിരുവനന്തപുരം, ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, ചെന്നൈ, ജയ്പുർ, ലഖ്നോ, പട്ന, ഗുവാഹതി എന്നിവിടങ്ങളിൽ നിർത്തലാക്കിയിട്ടുണ്ട്. അമേരിക്കയിലും യൂറോപ്യൻ യൂനിയനിലും ഉൾപ്പെടെ വികസിത രാജ്യങ്ങളിൽ ഇൗ സംവിധാനമില്ല. ഇന്ത്യയിലെ 59 വിമാനത്താവളങ്ങളിലും ഹാൻഡ്ബാഗ് സ്റ്റാമ്പിങ് നിർത്തലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.