ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യ മേഖല നരകതുല്യമാക്കിയതിന് പ്രധാനമന്ത്രി നേരന്ദ്ര മോദിയും കേന്ദ്രസർക്കാറും പ്രതിക്കൂട്ടിൽ. അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി ചുരുങ്ങിയത് അടുത്ത മൂന്നാഴ്ച കൂടി തുടരുമെന്നും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുമെന്നുമാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഉത്തരവാദിത്തം കുറ്റകരമായ നിലയിൽ അവഗണിച്ചു. രണ്ടാം തരംഗത്തിെൻറ ഭീകരതയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുകൾ വന്നിട്ടും അവഗണിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നടന്ന് രാജ്യത്തെ ജനങ്ങളെ കുരുതി കൊടുത്തു.
ഇത്തരം ആരോപണത്തിനു മുന്നിൽ ഉത്തരംമുട്ടി നിൽക്കുകയാണ് സർക്കാർ. മിക്ക രാജ്യങ്ങളിലും കോവിഡ് രണ്ടാംതരംഗം ഉണ്ടായി. അത് ഒന്നാമത്തേതിനേക്കാൾ രൂക്ഷമായിട്ടും, കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ ഫലപ്രദമായി പ്രതിരോധിക്കാൻ അതതിടങ്ങളിലെ ഭരണകൂടങ്ങൾ മികവു കാട്ടി.
എന്നാൽ, മഹാരാഷ്ട്ര രണ്ടാംതരംഗത്തിൽ ശ്വാസംമുട്ടിയ സന്ദർഭത്തിൽപോലും മറ്റു നഗരങ്ങളെ രക്ഷിക്കാനുള്ള കർമപദ്ധതി സർക്കാർ തയാറാക്കിയില്ല. അതിെൻറ കെടുതിയാണ് ഡൽഹി, യു.പി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ അനുഭവിക്കുന്നത്.
പരിശോധന, നിയന്ത്രണങ്ങൾ, ഓക്സിജൻ ലഭ്യത തുടങ്ങിയ മുൻകൂർ ക്രമീകരണങ്ങളിൽ സർക്കാർ തീർത്തും പരാജയപ്പെട്ടു. കോവിഡിനെ നേരിടുന്നതിൽ മറ്റു രാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയായെന്ന വീരവാദം നടത്തിപ്പോന്ന മോദിസർക്കാർ മുഖമുടഞ്ഞുനിൽക്കുകയാണ്. മുെമ്പാരിക്കലും നേരിടാത്ത വലിയ പ്രതിസന്ധിയും വിശ്വാസ്യത നഷ്ടവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്നത്.
ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ മുൻനിര രാജ്യമാണ് ഇന്ത്യ. എന്നാൽ, അവശ്യസമയത്ത് എത്തേണ്ട സ്ഥലങ്ങളിൽ എത്തിക്കാൻ ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും സർക്കാറിന് സാധിച്ചിട്ടില്ല. ഇതിനിടയിൽ, ശ്വാസംമുട്ടുന്ന കോവിഡ് േരാഗികളേക്കാൾ സർക്കാർ കോർപറേറ്റ് താൽപര്യം സംരക്ഷിക്കാൻ പ്രയത്നിക്കുന്നതും തെളിഞ്ഞു. നിവൃത്തിയില്ലാത്ത ഘട്ടത്തിൽ മാത്രമാണ് വ്യവസായങ്ങൾക്കുള്ള ഓക്സിജൻ വിതരണം നിർത്തിയത്.
വാക്സിൻ തയാറാക്കുന്നതിൽ ശാസ്ത്ര സമൂഹം ഏറെ മുന്നോട്ടുപോയിട്ടും വാക്സിൻ നയത്തിലും പരാജയപ്പെട്ടതിെൻറ പഴി ഏറ്റുവാങ്ങുകയാണ് മോദിസർക്കാർ. 130 കോടി ജനങ്ങൾക്ക് വാക്സിനേഷൻ നടപടി വേണ്ട രാജ്യത്ത് രണ്ടു കമ്പനികളെ മാത്രം ആശ്രയിച്ചാണ് തുടക്കത്തിൽ വാക്സിൻ പദ്ധതി മുന്നോട്ടു നീക്കിയത്. വാക്സിൻ നിർമാണത്തിന് യോഗ്യമായ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടായിട്ടും അവ നോക്കുകുത്തിയായി. ഇതിനിടയിൽ അന്താരാഷ്ട്ര പ്രീതി പിടിച്ചുപറ്റാൻ വാക്സിൻ കയറ്റുമതി ചെയ്തതും രാജ്യത്ത് വാക്സിൻ ക്ഷാമം കൂട്ടി.
ഒടുവിൽ പുറത്തുനിന്ന് എല്ലാ വാക്സിനും യഥേഷ്ടം ഇറക്കുമതി ചെയ്യാമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തി. സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട വാക്സിന് ഇപ്പോൾ വലിയ വില കൊടുക്കേണ്ട അവസ്ഥയായി. സ്വകാര്യ കമ്പനികൾക്ക് കൊള്ളലാഭത്തിന് വഴി തുറന്നുകൊടുത്തു.
വാക്സിൻ ക്ഷാമം കണക്കിലെടുത്ത് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം ഇതിനിടെ പൊളിയുകയും ചെയ്തു. അമേരിക്കക്കാർക്ക് ആദ്യം എന്നതാണ് അമേരിക്കയുടെ നയമെന്ന് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി. ആപൽഘട്ടത്തിൽ ഇന്ത്യക്കാരേക്കാൾ പ്രാധാന്യം നൽകി ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്കക്ക് പലവട്ടം കയറ്റിവിട്ട മോദിസർക്കാറിന് ഇത് വലിയ തിരിച്ചടികൂടിയാണ്.
ഓക്സിജൻ ക്ഷാമം കൂട്ടമരണത്തിന് ഇടയാക്കിയതടക്കം അതിഗുരുതരമായ സ്ഥിതി നേരിടുന്നതിനൊപ്പം വാക്സിൻ വിതരണ പദ്ധതിയും പൊളിഞ്ഞുനിൽക്കുന്നതാണ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.