ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ രിവാഭ ജഡേജ മത്സരിക്കും. ജാംനഗർ നോർത്തിലാണ് രിവാഭ മത്സരിക്കുക. സിറ്റിങ് എം.എൽ.എ ധർമേന്ദ്രസിൻഹ് എം. ജഡേജയെ മറ്റിയാണ് രിവാഭക്ക് സീറ്റ് നൽകിയത്.
രിവാഭയുടെ കന്നിയങ്കമാണിത്. മെക്കാനിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞ രിവാഭ 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്. 2016ലായിരുന്നു ക്രിക്കറ്റർ രവീന്ദ്ര ജഡേജയുമായുള്ള വിവാഹം.
കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ ഹാർദിക് പട്ടേലും ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വിരാംഗ്രാമിൽ നിന്നാണ് ഹാർദിക് മത്സരിക്കുക.
182ൽ 160 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബി.ജെ.പി ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മോർബി പാലം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ, മോർബിയിൽ സിറ്റിങ് എം.എൽ.എയെ മാറ്റി. രക്ഷാപ്രവർത്തനത്തിനിറങ്ങിയ മുൻ എം.എൽ.എക്കാണ് ടിക്കറ്റ് കിട്ടിയത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗട്ട്ലോദിയ സീറ്റിൽ നിന്ന് മത്സരിക്കും. 27 വർഷം തുടർച്ചയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി മുൻ മുഖ്യമന്ത്രി വിജയ് രൂപാനിയെ പോലെ മുതിർന്ന ചില നേതാക്കളെ മത്സരിപ്പിക്കുന്നില്ല.
2017ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഏഴുപേർ ഇത്തവണ ബി.ജെ.പി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.